ശക്തമായ സാംസ്കാരിക ബദലാവാന്‍ സംസ്കാര സാഹിതിക്ക് കഴിയും- എം.പി. ജാക്സന്

ഇരിങ്ങാലക്കുട മണ്ഡലം സംസ്കാരസാഹിതി ഭാരവാഹികളുടെ സ്ഥാനാരോഹണം കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: എതിര്‍ശബ്ദങ്ങളെ ദുര്‍ബലമാക്കുന്ന സാംസ്കാരികരംഗത്തെ ഏകാധിപത്യത്തിനെതിരെ ശക്തമായ ബദലാകാന്‍ സംസ്കാരസാഹിതിക്ക് കഴിയുമെന്ന് കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സന് പറഞ്ഞു. ഇരിങ്ങാലക്കുട മണ്ഡലം സംസ്കാരസാഹിതി ഭാരവാഹികളുടെ സ്ഥാനാരോഹണവും വായന ദിനാചരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരിങ്ങാലക്കുട നിയോജക മണ്ഡലം സംസ്കാരസാഹിതി ചെയര്മാന് അരുണ്‍ ഗാന്ധിഗ്രാം അധ്യക്ഷത വഹിച്ച യോഗത്തില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍ ഹക്ക് മാസ്റ്റര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സോമന് ചിറ്റേത്ത് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. മുന്‍ എംപി സാവിത്രി ലക്ഷ്മണന് അംഗത്വ വിതരണം നടത്തി.
ഇരിങ്ങാലക്കുട മണ്ഡലം സംസ്കാരസാഹിതി പ്രസിഡന്റായി അഡ്വ. ജോണ്‍ നിധിന് തോമസ്, കണ്‍വീനര്‍ ഗോപിക മനീഷ്, ട്രഷറര്‍ ശിവരഞ്ജിനി പ്രസന്നന് എന്നിവരും കമ്മിറ്റി അംഗങ്ങളും ചുമതല ഏറ്റെടുത്തു. വായനദിനാചരണത്തോട് അനുബന്ധിച്ച് പ്രശസ്ത എഴുത്തുകാരി സുധാ മേനോന്റെ ഇന്ത്യ എന്ന ആശയം എന്ന പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചക്ക് ജെ. ജോസഫ് പള്ളിപ്പാട്ട് നേതൃത്വം നല്കി. ഗോപിക മനീഷ്, ശിവരഞ്ജിനി പ്രസന്നന്, എ.സി. സുരേഷ്, ടോം മാമ്പിള്ളി എന്നിവര്‍ സംസാരിച്ചു.