വൈഗ ടിക്കറ്റ് വിൽപനയിലൂടെ വീട്; ആതിരയ്ക്കും ആകാശിനും സ്വപ്നസാക്ഷാത്കാരം

വൈഗ ടിക്കറ്റ് വിൽപനയിലൂടെ സമാഹരിച്ച തുക ഉപയോഗിച്ചു നിർമിച്ച വീടിന്റെ താക്കോൽദാനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കുന്നു.
ഇരിങ്ങാലക്കുട: രോഗബാധിതരായി അച്ഛനമ്മമാർ മരണപ്പെട്ട പടിയൂർ പഞ്ചായത്തിലെ എടതിരിഞ്ഞി പയറ്റില്ലംപറന്പ് വീട്ടിൽ ആതിരയ്ക്കും ആകാശിനും ഇതു സ്വപ്നസാക്ഷാത്കാരം. കാർഷികവികസന കർഷക ക്ഷേമവകുപ്പിന്റെ വൈഗ ടിക്കറ്റ് വിൽപനയിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് ഇവർക്കായി നിർമിച്ച വീടിന്റെ താക്കോൽദാനം ഉന്നത വിദ്യാഭ്യാസ സാമൂഹികനീതിവകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.
2019- 20 വർഷത്തിൽ സംസ്ഥാന കൃഷിവകുപ്പ് തൃശൂരിൽ വൈഗ എന്ന പേരിൽ അന്താരാഷ്ട്ര ശിൽപശാലയും കാർഷികോൽപന്നവിപണനവും നടത്തിയിരുന്നു.
ഈ പരിപാടിയുടെ ഭാഗമായി ടിക്കറ്റ് വിൽപനയിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് ജില്ലയിലെ ഭവനരഹിതരായ നാലുപേർക്ക് ഒരു വീടിന് 5.70 ലക്ഷം രൂപ കണക്കാക്കി അനുവദിച്ചിരുന്നു. ആതിരയുടെയും ആകാശിന്റെയും മാതാപിതാക്കളായ ബാലൻ 2015-ലും ജയന്തി 2019-ലുമാണു രോഗബാധിതരായി മരണപ്പെട്ടത്. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാതിരുന്ന ആതിരയും ആകാശും ബന്ധുമിത്രാദികളുടെ സഹായത്തോടെ വിവിധ സ്ഥലങ്ങളിൽ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു.
കാറളം പഞ്ചായത്തിലെ എട്ടാം വാർഡിൽ ഇവർക്കായി നിർമിച്ച വീടിന്റെ താക്കോൽദാനമാണ് മുൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന്റെ സാന്നിധ്യത്തിൽ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചത്. കിഴുത്താണി ഗ്രാമീണ വായനശാലയിൽ നടന്ന ചടങ്ങിൽ കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, ജില്ലാ പഞ്ചായത്തംഗം ഷീല അജയഘോഷ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. രമേഷ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് അന്പിളി റെനിൽ തുടങ്ങിയവർ പങ്കെടുത്തു.