കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴക വിവാദം പ്രബുദ്ധകേരളത്തിന് അപമാനമാനം – കെ.പി. രാജേന്ദ്രന്

കുട്ടംകുളം സമരത്തിന്റെ 79-ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമര സ്മരണ സിപിഐ ദേശീയ എക്സി. അംഗം കെ.പി. രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഈയിടെ ഉണ്ടായ കഴക വിവാദം പ്രബുദ്ധകേരളത്തിന് അപമാനമാണെന്ന് സിപിഐ ദേശീയ എക്സി. അംഗം കെ.പി. രാജേന്ദ്രന് പ്രസ്താവിച്ചു. കുട്ടംകുളം സമരത്തിന്റെ 79-ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമര സ്മരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവോത്ഥാന പോരാട്ടങ്ങളിലൂടെ കേരളം നേടിയെടുത്ത സാമൂഹ്യ മുന്നേറ്റത്തിന്റെ നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ കഴിയാത്തത് വര്‍ത്തമാനകേരളത്തിന്റെ പോരായ്മയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സമരഭൂമിയില്‍ സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് പതാക ഉയര്‍ത്തി.
സംഘാടക സമിതി കണ്‍വീനര്‍ ടി.കെ. സുധിഷ് അധ്യക്ഷത വഹിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേരിട്ട് നേതൃത്വം നല്കി നടത്തിയ കുട്ടംകുളം സമരത്തിന് ശേഷമാണ് കൊച്ചിയില്‍ ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായതും പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് ക്ഷേത്രങ്ങളിലേക്ക് പ്രവേശനം ലഭിച്ചതും. ചരിത്ര പ്രധാനമായ ഈ സമരത്തിന്റെ പ്രാധാന്യം വിളംബരം ചെയ്യുന്ന സമര സ്മാരകം എത്രയും പെട്ടെന്ന് നിര്‍മ്മിക്കാന്‍ ബന്ധപ്പെട്ട ഭരണാധികാരികള്‍ മുന്‍കൈ എടുക്കണമെന്ന് ആവശ്യപ്പെട്ടു. കെ.ജി. ശിവാനന്ദന്, പി. മണി, അഡ്വ. പി.ജെ. ജോബി, ഷീനപറയങ്ങാട്ടില്, കെ.എസ്. ജയ, എന്‍.കെ. ഉദയപ്രകാശ്, ബിനോയ് ഷബീര്‍, അനിത രാധാകൃഷ്ണന്, മിഥുന് പോട്ടക്കാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
