ഒറ്റക്കെട്ടായി നാട്: ബ്രഹ്മകുളം ബൈപ്പാസ് റോഡ് യാഥാര്‍ത്ഥ്യമാകുന്നു

ബൈപ്പാസ് റോഡിനാവശ്യമായ സ്ഥലം വിട്ടുനല്‍കിക്കൊണ്ടുള്ള രേഖകള്‍ ബാബു കൂവക്കാടനില് നിന്ന് കൗണ്‍സിലറും ആക്ഷന്‍ കമ്മിറ്റി ചെയര്‍പേഴ്സണുമായ അമ്പിളി ജയനും മറ്റ് ഭാരവാഹികളും ഏറ്റുവാങ്ങുന്നു.
ഇരിങ്ങാലക്കുട: ഒരു റോഡ് ഒരുക്കാന്‍ ഒരു നാട് ഒന്നിക്കുന്നു. കണ്ഠേശ്വരം- ബ്രഹ്മതീര്‍ത്ഥം റോഡിനെ ബ്രഹ്മകുളങ്ങര ക്ഷേത്രത്തിനു മുന്നിലൂടെ പൂച്ചക്കുളം ബെത്സൈദാ റോഡുമായി ബന്ധിപ്പിക്കുന്ന ബൈപ്പാസ് റോഡ് ഒരുക്കാനാണ് ഒരു നാടു മുഴുവന്‍ ഒന്നിച്ച് നില്‍ക്കുന്നത്. ബ്രഹ്മകുളം ബൈപാസ് റോഡ് യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ആദ്യപടിയായി റോഡ് വികസനത്തിന് വേണ്ടിയുള്ള സ്ഥലത്തിന്റെ രേഖകള്‍ ബാബു കൂവക്കാടനില് നിന്നും വാര്‍ഡ് കൗണ്‍സിലറും ആക്ഷന്‍ കമ്മിറ്റി ചെയര്‍പേഴ്സണുമായ അമ്പിളി ജയന്, ഭാരവാഹികളായ ജോമോന് മണാത്ത്, ഗോപി കുരിയക്കാട്ടില്‍, പ്രവീണ്‍ ഞാറ്റുവെട്ടി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
റോഡിന് ആവശ്യമായ 12 സെന്റ് സ്ഥലവും കൂവക്കാടന് ബാബു സൗജന്യമായാണ് നഗരസഭയ്ക്ക് വിട്ടു നല്‍കിയത്. റോഡ് യാഥാര്‍ത്ഥ്യമായാല്‍ ബ്രഹ്മകുളങ്ങര ക്ഷേത്രം, ചേലൂര്‍ പള്ളി, പൂച്ചക്കുളം ബസ് സ്റ്റോപ്പ് എന്നിവിടങ്ങളിലേക്ക് പ്രദേശവാസികള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. നിലവില്‍ കണ്ഠേശ്വരം ക്ഷേത്രത്തിനു മുന്നിലൂടെയുള്ള റോഡാണ് നാട്ടുകാര്‍ക്ക് ആശ്രയം. ഏറ്റുവാങ്ങിയ രേഖകള്‍ ഭാരവാഹികള്‍ നഗരസഭ അധികൃതരെ ഏല്‍പ്പിച്ചു. നഗരസഭയുടെ അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.