എംസിഎഫ് കേന്ദ്രം ചോര്‍ന്നൊലിക്കുന്നു, മാലിന്യം വേര്‍തിരിക്കാനാകാതെ ഹരിതകര്‍മസേന

പടിയൂര്‍ പഞ്ചായ്തില് ചോര്‍ന്നൊലിക്കുന്ന വാടകക്കെട്ടിടത്തില്‍ മാലിന്യം വേര്ത്തിരിക്കാനാകാതെ ഹരിതകര്‍മസേനാംഗങ്ങള്‍.
മാലിന്യങ്ങള്‍ വാര്‍ഡുകളില്‍ കൂട്ടിയിട്ടിരിക്കുന്നു
എടതിരിഞ്ഞി: ചോര്‍ന്നൊലിക്കുന്ന വാടകക്കെട്ടിടത്തില്‍നിന്ന് മാലിന്യം ശേഖരിക്കുന്ന സ്ഥലം (എംസിഎഫ്) മാറ്റണമെന്നാവശ്യപ്പെട്ട് പടിയൂര്‍ പഞ്ചായത്തിലെ എടതിരിഞ്ഞി ക്ലസ്റ്ററിലെ ഹരിതകര്‍മസേനാംഗങ്ങള്‍. കെട്ടിടം ചോര്ന്നൊലിച്ചതു കാരണം കഴിഞ്ഞ ദിവസം മാലിന്യങ്ങള്‍ വേര്‍തിരിക്കുന്നത് നിര്‍ത്തേണ്ടി വന്നു. തുടര്‍ന്ന് പഞ്ചായത്ത് ഇടപെട്ട് മാലിന്യങ്ങള്‍ പടിയൂര്‍ ക്ലസ്റ്ററിലെ എംസിഎഫിലേക്ക് മാറ്റി. തുടര്‍ന്നാണ് വേര്‍തിരിക്കല്‍ പുനരാരംഭിച്ചത്. ശനിയാഴ്ച രാവിലെയാണ് ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ നിന്ന് എംസിഎഫ് മാറ്റണമെന്നാവശ്യപ്പെട്ട് എടതിരിഞ്ഞി ക്ലസ്റ്ററിലെ ഹരിതകര്‍മസേനാംഗങ്ങള്‍ രംഗത്തെത്തിയത്.
കഴിഞ്ഞ നാലുവര്‍ഷമായി ഇതേ കെട്ടിടത്തില്‍ത്തന്നെയാണ് എടതിരിഞ്ഞി ക്ലസ്റ്ററിന്റെ എംസിഎഫ് പ്രവര്‍ത്തിക്കുന്നത്. മഴപെയ്യാന്‍ തുടങ്ങിയതോടെ വീടിനകത്തും പുറത്തും ഒരുപോലെ വെള്ളം നിറയുന്നു. മാലിന്യങ്ങള്‍ ശേഖരിക്കാന്‍ എംസിഎഫില്‍ സ്ഥലമില്ലാത്തതിനാല്‍ വാര്‍ഡുകളില്‍ തന്നെ പല സ്ഥലത്തായി കൂട്ടിയിട്ടിരിക്കുകയാണ്. കഴിഞ്ഞ മാസം പഞ്ചായത്തില്‍ ഇക്കാര്യം അറിയിച്ചപ്പോള്‍ ഷീറ്റിട്ട് നല്‍കാമെന്ന് അറിയിച്ചിരുന്നെങ്കിലും വീട്ടുടമ സമ്മതിച്ചില്ല. ഏഴുവാര്‍ഡ് ഉള്‍പ്പെട്ട എടതിരിഞ്ഞി ക്ലസ്റ്ററില്‍ 13 പേരാണ് ജോലി ചെയ്യുന്നത്.
17 തരം മാലിന്യങ്ങളാണ് സേനാംഗങ്ങള്‍ വേര്‍തിരിക്കുന്നത്. ക്ലസ്റ്റര്‍ ആക്കിയതോടെ ഏഴ് വാര്‍ഡിലും പ്ലാസ്റ്റിക് ശേഖരിക്കാന്‍ പോകണം. കിട്ടുന്ന വേതനത്തില്‍ 10 ശതമാനം കണ്‍സോര്‍ഷ്യം ഫണ്ടില്‍ പിടിച്ചശേഷമാണ് തുക കിട്ടുന്നത്. അതില്‍ നിന്നാണ് മാലിന്യശേഖരണത്തിനുള്ള ചാക്കുകളും വാങ്ങുന്നത്. കഴിഞ്ഞമാസം വേര്‍തിരിക്കല്‍ വേണ്ടത്ര നടന്നില്ലെങ്കിലും മാനുഷിക പരിഗണന കണക്കിലെടുത്ത് പഞ്ചായത്ത് ശമ്പളം നല്‍കുകയായിരുന്നുവെന്ന് സേനാംഗങ്ങള്‍ പറഞ്ഞു.
ഇപ്പോള്‍ അഞ്ചാംതീയതിക്ക് മുമ്പായി തരംതിരിക്കല്‍ പൂര്‍ത്തിയാക്കാനാണ് പഞ്ചായത്ത് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ചെളിനിറഞ്ഞ കെട്ടിടത്തിലിരുന്ന് മാലിന്യം വേര്‍തിരിക്കല്‍ സാധിക്കില്ലെന്ന് സേനാംഗങ്ങള്‍ പറഞ്ഞു. എംസിഎഫ് മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും ഇക്കാര്യത്തില്‍ പഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.