ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് തട്ടിപ്പ്- ഒരു കോടി മുപ്പത്തിനാല് ലക്ഷത്തി അമ്പതിനായിരം രൂപ തട്ടിയെടുത്ത കേസില്‍ ഏജന്റ് അറസ്റ്റില്‍

അലി.
ഇരിങ്ങാലക്കുട: ഷെയര്‍ ട്രേഡിംഗില്‍ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് കിഴുത്താണി സ്വദേശിയില്‍ നിന്ന് ഒരു കോടി 34 ലക്ഷത്തി അമ്പതിനായിരം രൂപ തട്ടിപ്പു നടത്തിയ കേസിലെ ഏജന്റ് അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ അഴിക്കോട് ജെട്ടി സ്വദേശി അമ്പലത്ത് വീട്ടില്‍ അലി(59)യെ ആണ് ഇരിങ്ങാലക്കുട സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കണോമിക്സ് ടൈംസ് പത്രത്തിലെ ഷെയര്‍ ട്രേഡിംഗില്‍ പരസ്യം കണ്ട് ആകൃഷ്ടനായ വ്യക്തിയെ ഷെയര്‍ ട്രേഡിംഗിനായി വാട്സപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യിപ്പിച്ച് ഷെയര്‍ ട്രേഡിംഗ് നടത്തുന്നതിനുള്ള ലിങ്കും ട്രേഡിംഗ് നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ഗ്രൂപ്പ് അഡ്മിന്മാര് പല ദിവസങ്ങളിലായി അയച്ചു കൊടുത്തു.
ഷെയര്‍ ട്രേഡിംഗ് നടത്തിച്ച് 2024 സെപ്തംബര്‍ 22 മുതല്‍ 2024 ഒക്ടോബര്‍ 31 വരെയുള്ള കാലയളവുകളിലായി പരാതിക്കാരന് വിവിധ ബാങ്കുകളില്‍ നിന്നും പല തവണകളായിട്ടാണ് പണം നിക്ഷേപിച്ചത്. ഇതില്‍ കമ്മീഷന് തുക കൈപറ്റിയതിനാണ് കേസ്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ന്റെ നിര്‍ദ്ദേശപ്രകാരം, സൈബര്‍ എസ്എച്ച്ഒ എം.എസ്. ഷാജന്, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ രമ്യ കാര്ത്തികേയന്, സുജിത്ത്, ജസ്റ്റിന് വര്‍ഗ്ഗീസ്, ടെലി കമ്മ്യൂണിക്കേഷന്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീനാഥ്, ഡ്രൈവര്‍ സിപിഒ അനന്ദു എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.