വഴിതിരിച്ചുവിടല്‍ മാപ്രാണം നെടുമ്പാള്‍ റോഡിനെ അപകട മേഖലയാക്കുന്നു- റോഡ് നിയമങ്ങള്‍ കാറ്റില്‍പറത്തി സ്വകാര്യ ബസുകള്‍ പായുന്നു

മാപ്രാണം: തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയുടെ കോണ്‍ക്രീറ്റിംഗ് മൂലം കരുവന്നൂരില്‍ നിന്നും ആറാട്ടുപുഴ, തൊട്ടിപ്പാള്‍, മുളങ്ങ് റോഡ് വഴി മാപ്രാണം നന്തിക്കര റോഡിലെ നെടുമ്പാളിലാണ് തൃശൂരില്‍ നിന്ന് ഇരിങ്ങാലക്കുട കൊടുങ്ങല്ലൂര്‍ ഭാഗത്തേക്കുള്ള ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ വഴി തിരിഞ്ഞുപോകുന്നത്. നെടുമ്പാള്‍ മുതല്‍ മാപ്രാണം വരെ പുതിയ റോഡ് ആയതിനാല്‍, വഴി തിരിച്ചുവിടലില് നഷ്ടപ്പെട്ട സമയം തിരിച്ചുപിടിക്കാന്‍ അമിത വേഗതയിലാണ് ഇതിലെ വാഹനങ്ങള്‍ പായുന്നത്. കോന്തിപുലം പാടത്തിനും അച്യുതന് നായര്‍ മൂലക്കും ഇടയ്ക്കുള്ള നടുവിലാല്‍ ഭാഗത്ത് റോഡിന്റെ ഒത്ത നടുക്ക് നില്ക്കുന്ന മരങ്ങളുടെ വലതുവശത്തും ഇടതുവശത്തും വണ്‍വേ പാലിച്ചു പോകേണ്ടതിന് പകരം, റോങ്ങ് സൈഡിലൂടെ ആണ് പലപ്പോഴും സ്വകാര്യ ബസുകളുടെ മത്സരയോട്ടം. ഇവ നിയന്ത്രിച്ചില്ലെങ്കില്‍ വലിയ അപകടങ്ങള്‍ക്ക് സാധ്യതയുള്ള മേഖലയാണ് ഇവിടം. എതിര്‍ദിശയില്‍ നിന്നും വരുന്ന ഇരുചക്ര വാഹനം അപകടത്തില്‍പെടാതെ രക്ഷപ്പെടുന്നത് തന്നെ ഭാഗ്യംകൊണ്ടു മാത്രമാണ്.