ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് തട്ടിപ്പ്; ഏജന്റ് അറസ്റ്റില്‍

ഷനൂദ്.
ഇരിങ്ങാലക്കുട: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് തട്ടിപ്പ് കിഴുത്താണി സ്വദേശിയില്‍ നിന്നും ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ ഏജന്റായി പ്രവര്‍ത്തിച്ച പ്രതി അറസ്റ്റില്‍. ഷെയര്‍ ട്രേഡിങ്ങില്‍ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് കിഴുത്താണി സ്വദേശിയില്‍ നിന്ന് 13450000 (ഒരു കോടി മുപ്പത്തിനാല് ലക്ഷത്തി അമ്പതിനായിരം) രൂപ തട്ടിപ്പു നടത്തിയ കേസില്‍ വയനാട് വൈത്തിരി ചൂണ്ടേല് സ്വദേശി ചാലംപാട്ടില്‍ വീട്ടില്‍ ഷനൂദ് (23 ) നെയാണ് ഇരിങ്ങാലക്കുട സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കണോമിക്സ് ടൈംസ് പത്രത്തിലെ ഷെയര്‍ ട്രേഡിംഗ് പരസ്യം കണ്ട് ആകൃഷ്ടനായ പരാതിക്കാരനെ ഷെയര്‍ ട്രേഡിംഗിനായി വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ക്കുകയും ഷെയര്‍ ട്രേഡിംഗ് നടത്തുന്നതിനുള്ള ലിങ്കും നല്കി ട്രേഡിംഗ് നടത്തിക്കുകയായിരുന്നു. 2024 സെപ്തംബര്‍ 22 മുതല്‍ 2024 ഒക്ടോബര്‍ 31 വരെയുള്ള കാലയളവുകളിലായി തൃശൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലുള്ള ബാങ്കുകളില്‍ നിന്ന് പല തവണകളായിട്ടാണ് പരാതിക്കാരന് പണം പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ച് നല്‍കിയത്.
ഈ പണത്തിലുള്‍പ്പെട്ട 14 ലക്ഷം രൂപ ഷനൂദിന്റെ പേരിലുള്ള ആറ് ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ആയതായും ഈ തുകയില്‍ നിന്നും നാല് ലക്ഷം രൂപക്ക് ഷനൂദ് മലപ്പുറത്തുള്ള ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണം വാങ്ങിയതായും കണ്ടെത്തി. ഷനൂദ് തട്ടിപ്പുസംഘത്തിന്റെ ഏജന്റായി പ്രവത്തിച്ചുവരുന്നതിനുള്ള പ്രതിഫലമായി ആണ് 14 ലക്ഷം രൂപ കൈപറ്റിയിട്ടുള്ളത് എന്ന് കണ്ടെത്തിയതിനാലാണ് ഷനൂദിനെ അറസ്റ്റ് ചെയ്തത്.
പ്രാഥമിക അന്വേഷണത്തില്‍ ഇയാളുടെ പേരില്‍ നോര്‍ത്ത് ഇന്ത്യയില്‍ ആറ് കേസുകള്‍ ഉള്ളതായും വ്യക്തമായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട സൈബര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.എസ്. ഷാജന്, എസ്ഐമാരായ രമ്യ കാര്ത്തികേയന്, അശോകന്, സുജിത്ത് ടെലികമ്മ്യൂണിക്കേഷന്‍ സിപിഒമാരായ സുദീഫ്, പ്രവീണ്‍ രാജ്, ഡ്രൈവര്‍ സിപിഒ അനന്തു എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.