പോട്ട ബാങ്ക് കവര്‍ച്ച; അന്വേഷണ മികവിന് സംസ്ഥാന പോലീസ് മേധാവിയുടെ അംഗീകാരം

ചാലക്കുടി പോട്ട ബാങ്ക് കവര്‍ച്ചക്കേസിലെ അന്വേഷണ മികവിന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് അഭിനന്ദനവും മെറിറ്റോറിയസ് സര്‍വീസ് എന്‍ട്രി സര്‍ട്ടിഫിക്കറ്റും റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന് നല്കുന്നു.
ഇരിങ്ങാലക്കുട: ചാലക്കുടി പോട്ട ബാങ്ക് കവര്‍ച്ചക്കേസിലെ അന്വേഷണ മികവിന് തൃശൂര്‍ റൂറല്‍ പോലീസിനെ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് അഭിനന്ദിച്ചു. മെറിറ്റോറിയസ് സര്‍വീസ് എന്‍ട്രി സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍, ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷ്, കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി വി.കെ. രാജു, ചാലക്കുടി ഇന്‍സ്പെക്ടര്‍ എം.കെ. സജീവ്, കൊരട്ടി ഇന്‍സ്പെക്ടര്‍ അമൃത് രംഗന്, കൊടകര ഇന്‍സ്പെക്ടര്‍ പി.കെ. ദാസ്, അതിരപ്പിള്ളി ഇന്‍സ്പെക്ടര്‍ വി. ബിജു എന്നിവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ്.
2025 ഫെബ്രുവരി 14 ന് ചാലക്കുടി പോട്ട ബ്രാഞ്ചിലെ ബാങ്കിലെ ജീവനക്കാരെ കത്തി കാണി ച്ച് ഭീഷണിപ്പെടുത്തി ബന്ദികളാക്കി 15 ലക്ഷം രൂപ കവര്‍ന്ന കേസില്‍, പ്രതിയായ ചാലക്കുടി ആശാരിപ്പാറ സ്വദേശി തെക്കന്‍ വീട്ടില്‍ റിന്റോ എന്നറിയപ്പെടുന്ന റിജോ ആന്റണിയെ (49) മൂന്നാം ദിവസം അറസ്റ്റ് ചെയ്തിരുന്നു. പ്രതി ഇപ്പോഴും ജയിലിലാണ്. കുറ്റമറ്റതും സമയബന്ധിതവുമായ അന്വേഷണത്തിലൂടെ മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടുകയും കാലതാമസമില്ലാതെ കുറ്റപത്രം സമര്‍പ്പിച്ചതിനുമാണ് തൃശൂര്‍ റേഞ്ച് ഡിഐജി ഹരിശങ്കറിന്റെ ശുപാര്‍ശയില്‍ സംസ്ഥാന പോലീസ് മേധാവി ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷക സംഘത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.