വിശ്വാസദീപ്തിയില്‍ ഇരിങ്ങാലക്കുടയില്‍ ദുക്റാന തിരുനാള്‍

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ ദുക്റാന തിരുനാളിനോടനുബന്ധിച്ച് നടന്ന ഊട്ടുനേര്‍ച്ചയുടെ വെഞ്ചരിപ്പ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിക്കുന്നു. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ സമീപം.
സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ ഊട്ടുനേര്‍ച്ചക്ക് കാല് ലക്ഷത്തിലധികം പേര്
ഇരിങ്ങാലക്കുട: മാര്‍ത്തോമ പാരമ്പര്യത്തിന്റെ ഓര്മ പുതുക്കി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ദുക്റാന തിരുനാള്‍ ആഘോഷിച്ചു. തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ സ്മരണയില്‍ ദുക്റാന തിരുനാളിന്റെ ഭാഗമായി നടന്ന തിരുകര്‍മങ്ങളിലും ഊട്ടുനേര്‍ച്ചയിലും കാല് ലക്ഷത്തിലധികം പേര് പങ്കെടുത്തു. രാവിലെ 7.30ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ഊട്ടുനേര്‍ച്ച വെഞ്ചരിപ്പുകര്‍മം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു.
10.30ന് നടന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് അവിട്ടത്തൂര്‍ ഹോളിഫാമിലി പള്ളി വികാരി ഫാ. റെനില്‍ കാരാത്ര മുഖ്യകാര്‍മികത്വം വഹിച്ചു. കല്ലേറ്റുംകര പാക്സ് ഡയറക്ടര്‍ ഫാ. ഫ്രീജോ പാറയ്ക്കല്‍ തിരുനാള്‍ സന്ദേശം നല്കി. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം നടന്നു. വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ബാബു ജോസ് പുത്തനങ്ങാടി, ജോയിന്റ് കണ്‍വീനര്‍മാരായ ഷാജു പന്തലിപ്പാടന്‍, ജിജി പള്ളായി, രഞ്ജി അക്കരക്കാരന്‍, ജോസ് ജി. തട്ടില്‍, കേന്ദ്ര സമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരൻ എന്നിവര്‍ നേതൃത്വം നല്കി.