ഇന്നസെന്റും – പി. ജയചന്ദ്രനും അതുല്യ കലാകാരന്മാര്: മന്ത്രി കെ.ബി. ഗണേഷ്കുമാര്

സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരികോത്സവത്തില്‍ ഇന്നസെന്റ്- പി. ജയചന്ദ്രന് സ്മരണ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: അഭിനയ പ്രതിഭയായ ഇന്നസെന്റും ഭാവഗായകന് പി. ജയചന്ദ്രനും അതുല്യ കലാകാരന്മാരായിരുന്നുവെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരികോത്സവത്തില്‍ ഇന്നസെന്റ്- പി. ജയചന്ദ്രന് സ്മരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നസെന്റിനും പി. ജയചന്ദ്രനും സമാനതകളേറെയാണ്. നിഷ്കളങ്കരും വലിയ സൗഹ്യദവലയത്തിന് ഉടമകളുമായിരുന്നു ഇരുവരും.
തമാശകള്‍ പറയുന്ന തമാശകള്‍ ആസ്വദിക്കുന്ന ഇന്നസെന്റ് മികച്ച നിര്‍മ്മാതാവ് കൂടിയായിരുന്നു. അമ്മയുടെ പ്രസിഡന്റായി മരണം വരെ തിളങ്ങി നിന്നു. പ്രതിസന്ധികളില്‍ ഇടറാതെ സംഘടനയെ മുന്നോട്ടു നയിച്ച മികച്ച ഒരു നേതാവായിരുന്നു അദ്ദേഹം. ജീവിതത്തിലെ ഓരോ നിമിഷങ്ങളിലും ഹാസ്യം കണ്ടെത്തിയ അദ്ദേഹം അതേ ചിരിയോടെയാണ് തനിക്കു മേല്‍ പിടിമുറുക്കിയ കാന്‍സറിനെയും നേരിട്ടത്. തമാശ കണ്ടെത്തി ചിരിക്കാന്‍ കഴിഞ്ഞാല്‍ എത്ര വലിയ പ്രതിസന്ധിയെയും അഭിമുഖീകരിക്കാനാകുമെന്നും കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു. ഇന്ന് നമുക്ക് ഒഴുക്കിനെതിരെ നീന്താന്‍ പറ്റിയ കാലമാണ്. അല്ലെങ്കില്‍ ഒഴുക്കിനൊപ്പം നീന്തണം.
എന്നാല്‍ അക്കാലത്ത് ഒഴുക്കിനെതിരെ നീന്തിക്കയറി മലയാള സിനിമാഗാന രംഗത്ത് സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് പി ജയചന്ദ്രന്. ഏതൊരു പാട്ടും വളരെ നിസാരമായി പാടുന്ന അദ്ദേഹം മനോഹരമായ ഒട്ടനവധി ഗാനങ്ങളാണ് മലയാളിക്ക് സമ്മാനിച്ചത്. എല്ലാ കാലത്തും സിനിമയില്‍ ഒരു കോക്കസ് ഉണ്ട്. ആരാണ് ശത്രു ആരാണ് മിത്രമെന്ന് തിരിച്ചറിയാനായില്ല. രാഷ്ട്രീയത്തിലാണെങ്കില് പ്രതിപക്ഷമുണ്ടാകും. ഫുട്ബോളില്‍ എതിര് ടീമുണ്ടാകും. എന്നാല്‍ സിനിമയില്‍ അത്തരമൊരു എതിര് ടീമുണ്ടാകില്ല.
പുറകില്‍ നിന്നായിരിക്കും കുത്ത് വരിക. ആ സിനിമയിലെ രാഷ്ട്രീയത്തെ നിഷ്കളങ്കത കൊണ്ട് നേരിട്ട വ്യക്തിത്വങ്ങളാണ് ഇന്നസെന്റും പി. ജയചന്ദ്രനുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ച പ്രതിഭകളെ മന്ത്രി ആര്. ബിന്ദു ആദരിച്ചു. സംവിധായകന് പി.ജി. പ്രേംലാല്‍, ജയരാജ് വാര്യര്‍, ജൂനിയര്‍ ഇന്നസെന്റ് എന്നിവര്‍ പങ്കെടുതതു. പി. മണി സ്വാഗതവും അഡ്വ. പി.ജെ. ജോബി നന്ദിയും പറഞ്ഞു. തുടര്‍ന്ന് ജയരാജ് വാര്യരുടെ ഗാനാഞ്ജലിയും അരങ്ങേറി.
സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനം: റെഡ് വളണ്ടിയര്‍ പരേഡും പൊതു സമ്മേളനവും ഇന്ന്
ഇരിങ്ങാലക്കുട: സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നവോത്ഥാന പോരാട്ടത്തിന്റെ ഉജ്ജ്വല അധ്യായം രചിച്ച കുട്ടംകുളം സമരഭൂമിയില്‍ നിന്ന് ആരംഭിക്കുന്ന റെഡ് വണ്ടിയര്‍ മാര്‍ച്ചും ചരിത്ര പ്രസിദ്ധമായ അയ്യന്‍കാവ് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനവും ഇന്ന്. ജില്ലാ സമ്മേളന നഗരിയിലേക്കായി എടതിരിഞ്ഞിയിലെ വി.വി. രാമന് സ്മൃതി മണ്ഡപത്തില്‍ നിന്നും കൊടിമരവുമായി വരുന്ന ജാഥയും അന്തിക്കാട് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നുള്ള പതാക ജാഥയും പരിയാരം കര്‍ഷക സമര കേന്ദ്രത്തില്‍ നിന്നും ആരംഭിക്കുന്ന ബാനര്‍ ജാഥയും വൈകീട്ട് നാല് മണിക്ക് കുട്ടംകുളം പരിസരത്ത് സംഗമിക്കും. ജാഥാ ക്യാപ്റ്റനായ ടി. പ്രദീപ് കുമാറില്‍ നിന്ന് സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ടി.കെ. സുധീഷ് കൊടിമരം ഏറ്റുവാങ്ങും. ജാഥാ ക്യാപ്റ്റനായ കെ.പി. സന്ദീപില്‍ നിന്നും പതാക ടി.ആര്. രമേഷ് കുമാറും ജാഥാ ക്യാപ്റ്റനായ കെ.എസ്. ജയയില്‍ നിന്ന് ബാനര്‍ കെ.ജി. ശിവാനന്ദനും ഏറ്റുവാങ്ങും. തുടര്‍ന്ന് റെഡ് വളണ്ടിയര്‍ പരേഡ് ആരംഭിക്കും. പൊതു സമ്മേളന വേദിയായ അയ്യങ്കാവ് മൈതാനിയില്‍ മുതിര്‍ന്ന സിപിഐ നേതാവ് കെ. ശ്രീകുമാര്‍ പതാക ഉയര്‍ത്തും. റവന്യൂ വകുപ്പ് മന്ത്രിയുമായ കെ. രാജന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.