പകര്‍ച്ചവ്യാധി ശക്തം, ശുചിത്വം കടലാസില്‍ തന്നെ

പുല്ലൂര്‍ തൊമ്മാന ചെങ്ങാറ്റുമുറി റോഡിനു സമീപം പാടശേഖരത്തിനോട് ചേര്‍ന്ന് മാലിന്യം കുന്നുകൂടി കിടക്കുന്ന നിലയില്‍.
ഇരിങ്ങാലക്കുട: കാലവര്‍ഷം കനത്തതോടെ മാലിന്യം പലയിടത്തും കുന്നുകൂടി ചീഞ്ഞളിയുന്നു. പനിയും ഛര്‍ദ്ദിയും വയറിളക്കുവമായി നിരവധി പേരാണ് ആശുപത്രികളില്‍ ചികിത്സ തേടുമ്പോഴാണ് മാലിന്യം അഴുകി പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നത്. മഴക്കാലരോഗങ്ങള്‍ വര്‍ധിക്കുമ്പോഴും പലയിടത്തും കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നില്ല. ശുചിത്വമില്ലാത്തതാണ് രോഗങ്ങള്‍ പടരാന്‍ കാരണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പലപ്പോഴും പിന്നിലാണ്. ബോധവത്കരണ പരിപാടികളും കുറവ്. കൊതുകുകളും മറ്റും പെരുകുന്ന ഇടങ്ങള്‍ ശുചീകരിക്കാനുള്ള ഇടങ്ങള്‍ നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. മഴക്കാല രോഗങ്ങളുടെ വ്യാപനം തടയുവാന്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുക, ഫോഗിംഗ് നടത്തുക എന്നിവയാണ് പ്രധാനമായും ചെയ്യേണ്ടത്.
നഗരത്തിലെ പലതോടുകളിലും മാലിന്യം കെട്ടികിടക്കുകയാണ്. മഴക്കാലപൂര്‍വ്വ ശുചീകരണം പലയിടത്തും പാളിയ സ്ഥിതിയിലാണ്. ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും പലയിടത്തും ഇതൊന്നുമില്ലാതെയാണ് ഹോട്ടലുകളില്‍ പണിയെടുക്കുന്നത്. രോഗികളില്‍ രോഗലക്ഷണങ്ങള്‍ കാര്യമായിട്ടില്ലെന്നും പ്രാഥമിക ചികിത്സ കൊണ്ട് ഭേദമാക്കാം എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഡെങ്കിപനിയാണ് കൂടുതല്‍ പടരുന്നത്. കഴിഞ്ഞ മാസം അഞ്ച് പേരാണ് ഡെങ്കിപനി ബാധിച്ച് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.
പനിയടക്കമുള്ള മഴക്കാല രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന പാവപ്പെട്ട രോഗികള്‍ക്ക് ആശ്രയമാകേണ്ട സര്‍ക്കാര്‍ ആശുപത്രികളില്‍ വേണ്ടത്ര ഡോക്ടര്‍മാരില്ലാത്തത് പലയിടത്തും തിരിച്ചടിയാകുകയാണ്. ഡോക്ടറെ കാണാന്‍ മണിക്കൂറുകളോളം ക്യു നില്‍ക്കേണ്ടി വരുന്ന സ്ഥിതി വിശേഷമാണ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലുള്ളത്. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ രോഗികളുടെ നീണ്ട നിരയാണ് പലപ്പോഴും കാണാനാകുക. പനിയുടെ തീവ്രത കൂടുതലുള്ളവരെ മാത്രമേ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നുള്ളൂ. മറ്റുള്ളവര്‍ക്ക് മരുന്നു നല്കി വീട്ടില്‍ വിശ്രമിക്കാനുള്ള നിര്‍ദേശമാണ് നല്‍കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ഓരോ ദിവസവും അമ്പതോളം പേരാണ് പനിയുമായി ചികിത്സ തേടിയെത്തിയത്.
പഞ്ചായത്തുതല പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടുന്നവരുടെ എണ്ണം ഏറെയാണ്. മാലിന്യം പരന്നഴുകുന്നിടത്ത് പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യത ഏറെയാണ്. ഹോട്ടലുകളില്‍ നിന്നും മലിനജലം പൊതുകാനകളിലേക്ക് തള്ളുന്നത് ഒഴിവാക്കുന്നതിനുള്ള നടപടി നഗരസഭ ആരോഗ്യ വകുപ്പ് എടുക്കുന്നതിന്റെ ഭാഗമായി കുറച്ച് ദിവസം മുമ്പ് മാലിന്യം ഒഴുക്കിയ ഹോട്ടലുകള്‍ക്ക് കനത്ത പിഴ ഈടാക്കിയിരുന്നു. തോടുകളിലെ സ്ലാബുകള്‍ നീക്കിയപ്പോഴാണ് ഹോട്ടലുകളിലെ മലിനജലം പൊതു കാനയിലേക്കാണ് തുറന്നു വിട്ടിരിക്കുന്നതെന്ന് ബോധ്യപ്പെട്ടത്. നഗരത്തിലെ പലതോടുകളിലും മാലിന്യം കുന്നുകൂടി കിടക്കുകയാണ്. പഞ്ചായത്തുകളിലൂടെ ഒഴുകുന്ന തോടുകളിലും ഇതു തന്നെയാണ് സ്ഥിതി. പുല്ലൂര്‍ തൊമ്മാന ചെങ്ങാറ്റുമുറി റോഡിനു സമീപമുള്ള പാടശേഖരത്തിനു സമീപം മാലിന്യം കുന്നുകൂടി കിടക്കുകയാണ്.