മാടായിക്കോണം കുടുംബാരോഗ്യ കേന്ദ്രത്തില്‍ അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ ആരംഭിക്കാന്‍ കഴിയുകയില്ലെന്ന് വ്യക്തമാക്കി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട്

മാടായിക്കോണം കുടുംബാരോഗ്യ കേന്ദ്രം.
ജില്ലയ്ക്കായി അനുവദിച്ച 27 സെന്ററുകളില്‍ 26 എണ്ണത്തിന്റെയും ഉദ്ഘാടനം കഴിഞ്ഞതായും റിപ്പോര്‍ട്ട്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ പരിധിയില്‍ പൊറത്തിശേരി കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള മാടായിക്കോണം സബ് സെന്റര്‍, അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്റര്‍ ആയി ആരംഭിക്കാന്‍ കഴിയുകയില്ലെന്ന് വ്യക്തമാക്കികൊണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട്. മാടായിക്കോണം സബ് സെന്റര്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ ആയി ബ്രാന്‍ഡിംഗ് ചെയ്യുകയും ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയും 2024 സെപ്റ്റംബര്‍ അഞ്ചിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്ത് കഴിഞ്ഞതായും വീണ്ടും അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ ആയി ബ്രാന്റ് ചെയ്യാന്‍ കഴിയുകയില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
തൃശൂര്‍ ജില്ലയില്‍ 27 അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍ ആരംഭിക്കുന്നതിനാണ് അനുവാദം ഉള്ളതെന്നും 26 എണ്ണത്തിന്റെയും ഉദ്ഘാടനം നടന്ന് കഴിഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിനായി സ്വന്തം കെട്ടിടമോ 40000 രൂപ വരെ വരുന്ന വാടക കെട്ടിടമോ ഉപയോഗിക്കാവുന്നതാണെന്നും നഗരസഭയുടെ 2025 ഫെബ്രുവരി 28 ലെ ഭരണ സമിതി തീരുമാനപ്രകാരം കരുവന്നൂര്‍ ബംഗ്ലാവിലെ സുവര്‍ണ്ണ ജൂബിലി മന്ദിരത്തില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസിന്റെ വിധി വരേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
പതിമൂന്നാം ധനകാര്യ കമ്മീഷനില്‍ നിന്നുള്ള 80 ലക്ഷത്തോളം രൂപയുടെ ഗ്രാന്റാണ് നഗരസഭ പരിധിയില്‍ രണ്ട് വെല്‍നെസ് സെന്ററുകള്‍ ആരംഭിക്കാന്‍ അനുവദിച്ചിട്ടുള്ളത്. വാര്‍ഡ് 29 ല്‍ കണ്ഠേശ്വരത്ത് 2023 സെപ്റ്റബര്‍ എട്ടിനാണ് ആദ്യത്തെ വെല്‍നെസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. വാര്‍ഡ് ഏഴില്‍ ആരംഭിക്കാന്‍ ധാരണ ആയിരുന്നുവെങ്കിലും അനുയോജ്യമായ കെട്ടിടം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് മാടായിക്കോണം കുടുംബക്ഷേമ ഉപ കേന്ദ്രത്തില്‍ തന്നെ വെല്‍നെസ്സ് സെന്റര്‍ ആരംഭിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ഭരണസിതിയുടെ അഭ്യര്‍ഥന മാനിച്ച് ജില്ലാ കളക്ടര്‍ 2023 ഡിസംബറില്‍ മാടായിക്കോണം കുടുംബക്ഷേമ കേന്ദ്രം സന്ദര്‍ശിച്ചിരുന്നു.