കല്ലേറ്റുംകര സബ് രജിസ്ട്രാര്‍ ഓഫീസ് ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട: കല്ലേറ്റുംകര സബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് രജിസ്ട്രേഷന് വകുപ്പ് ജി. സുധാകരന് നിര്‍വഹിച്ചു. രജിസ്ട്രേഷന് വകുപ്പിനു കീഴില്‍ വരുന്ന എല്ലാ സേവനങ്ങളും ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്കു മാറുന്ന കാലം വിദൂരമല്ലെന്നു മന്ത്രി പറഞ്ഞു. ഇ-പേയ്മെന്റ്, ഓണ്‍ലൈന്‍ രജിസ്ട്രേഷന്, ഡിജിറ്റല്‍ ഇമേജ് തുടങ്ങിയ സൗകര്യങ്ങള്‍ ഇതിന്റെ ഭാഗമായി ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രഫ. കെ.യു. അരുണന് എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. കേശവന്‍കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈനി സാന്റോ, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍, വൈസ് പ്രസിഡന്റ് എ.ആര്. ഡേവിസ്, പഞ്ചായത്ത് അംഗം ടി.വി. ഷാജു, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഉചിത സുരേഷ്, രജിസ്ട്രേഷന് വകുപ്പ് ജോയിന്റ് ഐജി പി.കെ. സാജന് കുമാര്‍, രജിസ്ട്രേഷന് വകുപ്പ് ഉത്തര മേഖല ഡിഐജി എ.ജി. വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 1930 ല്‍ കല്ലേറ്റുംകരയില്‍ സ്ഥാപിതമായ ഈ രജിസ്ട്രാര്‍ ഓഫീസിന്റെ പ്രവര്‍ത്തന പരിധിയില്‍ ആളൂര്‍, മുരിയാട്, കൊടകര പഞ്ചായത്തുകള്‍ പൂര്‍ണമായും വേളൂക്കര പഞ്ചായത്തിന്റെയും ചാലക്കുടി മുന്‍സിപ്പാലിറ്റിയുടെയും ഏതാനും ഭാഗങ്ങളും ഉള്‍പ്പെടുന്നു. നിലവില്‍ സബ് രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തിച്ചു വന്നിരുന്ന കെട്ടിടത്തിനു 45 വര്‍ഷത്തിലേറെ കാലപ്പഴക്കം ഉണ്ടായിരുന്നതിനാല്‍ അപകടവസ്ഥയിലായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്തും പൊതു ജനങ്ങളുടെ സുരക്ഷ മുന്നിര്ത്തിയുമാണു കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1,31,60,000 ചെലവഴിച്ച് പുതിയ കെട്ടിടം പണി പൂര്‍ത്തീകരിച്ചത്. 5816 സ്ക്വയര്‍ ഫീറ്റില്‍ രണ്ടു നിലകളിലായാണു കെട്ടിടം പണി പൂര്‍ത്തീകരിച്ചത്. സബ് രജിസ്ട്രാറുടെ ക്യാബിന്, ജീവനക്കാരുടെ റൂം, റെക്കോര്‍ഡ് റൂം, ലൈബ്രറി, ടോയ്ലറ്റ് റൂം, വരാന്ത, ശുചിമുറികള്‍, മഴവെള്ളസംഭരണി എന്നീ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.