കാട്ടൂർ ഡിവിഷനിൽ മഹിളകളുടെ പോരാട്ടം
ഇരിങ്ങാലക്കുട: മഹിളകളുടെ ഉശിരൻ പോരാട്ടമാണ് കാട്ടൂരിന്റേത്. ജില്ലാ പഞ്ചായത്തിലെ കാട്ടൂർ ഡിവിഷൻ നിലനിർത്താനാവുമെന്ന ആത്മവിശ്വാസത്തിലാണു എൽഡിഎഫ്. എന്നാൽ എൽഡിഎഫ് കുത്തക തകർക്കണമെന്ന ലക്ഷ്യമാണു യുഡിഎഫ്, ബിജെപി സ്ഥാനാർഥികൾക്കുള്ളത്. കാറളം-15, കാട്ടൂർ-14, പടിയൂർ-14, പൂമംഗലം-ഏഴ്, വെള്ളാങ്കല്ലൂർ-17 എന്നീ പഞ്ചായത്തുകളിലായി മൊത്തം 67 വാർഡുകളാണു കാട്ടൂർ ഡിവിഷനിലുള്ളത്. പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു കഴിഞ്ഞ തവണ എൽഡിഎഫ് വിജയിച്ചത്. ഇക്കുറി എൽഡിഎഫ് സ്ഥാനാർഥിയായി ഷീല അജയഘോഷും യുഡിഎഫ് സ്ഥാനാർഥിയായി ടെസി ആന്റണിയും ബിജെപി സ്ഥാനാർഥിയായി സുബിത ജയകൃഷ്ണനുമാണു മത്സരിക്കുന്നത്.
യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ടെസി ആന്റണി വാടച്ചിറ താണിശേരി സ്വദേശിയാണ്. പഞ്ഞിക്കാരൻ പി.കെ. ആന്റണിയുടെ ഭാര്യയും താണിശേരി വിമല സെൻട്രൽ സ്കൂൾ അധ്യാപികയുമാണ്. 20 വർഷമായി വിമല സെൻട്രൽ സ്കൂളിൽ അധ്യാപികയായി പ്രവർത്തിക്കുന്നു. വാടചിറ ഇടവകയിൽ മതബോധനം പ്രധാനധ്യാപികയാണ്. തെരഞ്ഞെടുപ്പിൽ പുതുമുഖമാണെങ്കിലും 20 വർഷത്തിലേറെയുള്ള അധ്യാപന രംഗത്തെ സുപരിചതവും ജീവകാരുണ്യ രംഗങ്ങളിലെ പ്രവർത്തനവും വിജയം സുനിശ്ചിതമാക്കുന്നു. സാധാരണ ജനങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കിയാണു താൻ പ്രവർത്തിക്കുന്നതെന്നും ടീച്ചർ പറയുന്നു.
ഇടതുമുന്നണി സ്ഥാനാർഥി ഷീല അജയഘോഷ് കാറളം താണിശേരി സ്വദേശിയാണ്. സിപിഐയുടെ മുൻ കാറളം ലോക്കൽ സെക്രട്ടറിയും മുൻ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന പരേതനായ കെ.എ. അജയഘോഷിന്റെ ഭാര്യയാണ്. 2005-2010 കാലഘട്ടത്തിൽ കാറളം ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗമായിരുന്നു. എൽഐസി ഏജന്റായ ഷീല കുടുംബശ്രീ പ്രവർത്തകയും കുടുംബശ്രീയുടെ ആരോഗ്യ വോളന്റിയറായും പ്രവർത്തിച്ചു വരുന്നു. കുഞ്ഞിലിക്കാട്ടിൽ കുടുംബാംഗമായ ഷീല അജയഘോഷ് കാർഷിക രംഗത്തും സജീവമാണ്. കേരള മഹിളാ സംഘം പഞ്ചായത്ത് സെക്രട്ടറിയും ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി അംഗവുമായിരുന്ന ഷീല ഇപ്പോൾ സിപിഐ കാറളം ലോക്കൽ കമ്മിറ്റി അംഗമാണ്. 30 വർഷമായി സിപിഐ അംഗമാണ്. ജില്ലാ പഞ്ചായത്ത് രൂപീകൃതമായ നാൾ മുതൽ കാട്ടൂർ ഡിവിഷൻ എൽഡിഎഫ് സ്ഥാനം കൈവിട്ടിട്ടില്ല. അതിനാൽ തന്നെ തങ്ങൾക്കു ലഭിക്കുന്ന പരമ്പരാഗത വോട്ടുകൾ നിലനിർത്തി വിജയം ഉറപ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണു എൽഡിഎഫ് മുന്നണി.
ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന സുബിത ജയകൃഷ്ണൻ എടക്കുളം സ്വദേശിയാണ്. എടക്കുളം ചേരാംപറമ്പിൽ ജയകൃഷ്ണന്റെ ഭാര്യയാണ്. മഹിളാമോർച്ച ഇരിങ്ങാലക്കുട നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയാണ്. മഹിളാമോർച്ച ഇരിങ്ങാലക്കുട നിയോജകമണ്ഡലം സെക്രട്ടറി, ഇരിങ്ങാലക്കുട സേവാഭാരതി ബോധിനി സേവകേന്ദ്രം ജോയിൻ സെക്രട്ടറി, കുടുംബശ്രീ എഡിഎസ് വൈസ് പ്രസിഡന്റ്, പൂമംഗലം പഞ്ചായത്ത് പാലിയേറ്റീവ് വോളന്റിയർ, പൂമംഗലം പഞ്ചായത്ത് ആരോഗ്യസേന അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വികസന നേട്ടങ്ങളെ മുൻ നിർത്തിയാണു എൽഡിഎഫ് ഇക്കുറി മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ കാലയളവിൽ 13 കോടി വികസന പ്രവർത്തനങ്ങൾക്കായി ചെലവു ചെയ്തതായി എൽഡിഎഫ് നേതൃത്വം അവകാശപ്പെടുന്നു. കോതറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി, കരാഞ്ചിറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി, കാറളം-ആലുംപറമ്പ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി, കൃഷിക്ക് കൂടുതൽ പ്രധാന്യം നല്കി, ഏഴോളം അങ്കണവാടികൾ സ്ഥാപിച്ചു, ജില്ലാ പഞ്ചായത്ത് ഗ്രാമീണ റോഡ് വികസനത്തിനായി അഞ്ചു കോടി രൂപ നല്കി, വെള്ളാങ്കല്ലൂർ-പൂമംഗലവുമായി ബന്ധിപ്പിക്കുന്ന കുറിഞ്ഞാലിപാലം, വെള്ളാങ്കല്ലൂർ താണിയത്തുകുന്ന് സ്റ്റേഡിയം എന്നിവയാണു എൽഡിഎഫ് ഭരണ വികസന മുന്നേറ്റമായി ചൂണ്ടികാണിക്കുന്നത്.