കൊരുമ്പിശേരി പിടിക്കാൻ മുൻ ചെയർമാനും മുൻ വൈസ് ചെയർമാനും തമ്മിലുള്ള ഉശിരൻ പോരാട്ടം
ഇരിങ്ങാലക്കുട: നഗരസഭയുടെ മുൻ ചെയർമാനും മുൻ വൈസ് ചെയർമാനും തമ്മിലുള്ള മത്സരം കൊണ്ടു ശ്രദ്ധേയമാകുകയാണു നഗരാതിർത്തിയിലെ കൊരുമ്പിശേരി വാർഡ്. ഇടത്, വലത് മുന്നണികൾക്കു പുറമേ ബിജെപി കരുത്തു തെളിയിക്കാൻ രംഗത്തുണ്ട്. കൊരുമ്പിശേരി മേഖലയുടെ വികസനം ഇത്തവണയും മുന്നണികൾ പ്രചരണ ആയുധമാക്കുന്നു. കഴിഞ്ഞ 20 വർഷങ്ങളായി യുഡിഎഫ് മേധാവിത്വമുള്ള കൊരുമ്പിശേരി വാർഡിൽ 1273 വോട്ടർമാരാണുള്ളത്. 2015 ൽ രണ്ടു വോട്ടുകൾക്കാണു യുഡിഎഫ് വിജയം കണ്ടെത്തിയത്. ഒരു ഇടവേളക്കു ശേഷം പൊതുരംഗത്തു സജീവമാകുന്ന ഇ.എം. പ്രസന്നനെയാണു വാർഡ് പിടിച്ചെടുക്കാൻ എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. 1995-2000 കാലയളവിൽ നഗരസഭയുടെ ചെയർമാനും വൈസ് ചെയർമാൻ സ്ഥാനങ്ങളും 2000-2005 കാലഘട്ടത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനവും വഹിച്ചിട്ടുള്ള ഇ.എം. പ്രസന്നൻ തുടർച്ചയായ യുഡിഎഫ് ഭരണം നഗരസഭയെ വികസന പാതയിൽ നിന്നും അകറ്റിയെന്നു ചൂണ്ടിക്കാണിക്കുന്നു. ആദ്യമായി 1995 ലാണു ഇ.എം. പ്രസന്നൻ കൊരുമ്പിശേരി വാർഡിൽ മത്സരിക്കുന്നത്. അന്ന് ഈ വാർഡ് ഒമ്പതാം വാർഡായിരുന്നു. ആദ്യമായി മത്സരിച്ചപ്പോൾ തന്നെ വിജയം കൈവരിച്ചിരുന്നു. വിജയിച്ച ആദ്യ അവസരത്തിൽ തന്നെ വൈസ് ചെയർമാനായിട്ടാണു സത്യപ്രതിജ്ഞ ചെയ്തത്. അന്ന് പ്രഫ. റോസ് വില്യംസ് ആയിരുന്നു ചെയർമാനായി സത്യപ്രതിജ്ഞ ചെയ്തത്. പിന്നീട് 1997-99 അവസാനം വരെ ചെയർമാനായിട്ട് ചുമതലയേറ്റു. 28 മാസത്തോളം ചെയർമാനായി ചുമതല വഹിച്ചു. 2000 ൽ ഈ വാർഡ് വനിതയായപ്പോൾ ബസ് സ്റ്റാൻഡ് വാർഡിൽ മത്സരിച്ചു. അവിടെയും വിജയം കൈവരിച്ചിരുന്നു. വിജയം കൈവരിക്കാൻ കാരണം അന്ന് ദീർഘകാലമായി നിലനിന്നിരുന്ന അശാസ്ത്രീയമായ വൺവേ സമ്പ്രദായം എടുത്തു കളയുന്നതിനു മുഖ്യപങ്ക് വഹിച്ചിരുന്നത് ടി.എൻ. പ്രസന്നനായിരുന്നു. അങ്ങനെ ചെയ്തത് ജനങ്ങൾക്കു വലിയ ആശ്വാസവും സഹായവുമായിരുന്നു. കൂടാതെ 1997 ൽ ജനകീയാസൂത്രണം വന്നപ്പോൾ കേരളത്തിൽ ആദ്യമായിട്ട് സംസ്ഥാന തലത്തിൽ കൊടകരയിൽ നടന്ന പരിപാടിയിൽ ഇരിങ്ങാലക്കുട നഗരസഭയുടെ ജനകീയാസൂത്രണപദ്ധതി പണം കൈപ്പറ്റിയതു ഇ.എം. പ്രസന്നനായിരുന്നു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും മുൻ നഗരസഭ വൈസ് ചെയർമാനുമായ ടി.വി. ചാർളി നാലാം തവണയാണു ജനവിധി തേടുന്നത്. അവഗണിക്കപ്പെട്ടു കിടന്നിരുന്ന കൊരുമ്പിശേരി മേഖലയിൽ വികസനമെത്തിക്കാൻ 1995 മുതൽ വാർഡിനെ പ്രതിനിധീകരിച്ച യുഡിഎഫ് സ്ഥാനാർഥികൾക്കു കഴിഞ്ഞതായി ടി.വി. ചാർളി വ്യക്തമാക്കുന്നു. മുൻ കാലങ്ങളിൽ ഇല്ലാത്ത വികസനം 1995 മുതൽ ഇതുവരെയുള്ള കാലഘട്ടത്തിൽ വനിതകളായാലും സംവരണസീറ്റിൽ പ്രവർത്തിച്ചവരായാലും നല്ല രീതിയിൽ ഈ വാർഡിൽ പ്രവർത്തിച്ചിരുന്നതായി ടി.വി. ചാർളി അഭിപ്രായപ്പെട്ടു. ഇവിടെ നടന്നിട്ടുള്ള എല്ലാ വികസന പ്രവർത്തനങ്ങൾക്കും വലിയ തോതിൽ പ്രവർത്തിച്ചതു കോൺഗ്രസ് പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഈ വാർഡിൽ അടിസ്ഥാന സൗകര്യങ്ങൾ കുറെ കൂടി ചെയ്യുന്നതിനുവേണ്ടിയാണു മത്സരിക്കുന്നതെന്നു ടി.വി. ചാർളി കൂട്ടിചേർത്തു. മുൻ കൗൺസിലർ ബാക്കിവച്ച വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനും ജലസ്രോതസിൽ പ്രധാനപ്പെട്ട മനംകുളം ആധുനിക സൗകര്യങ്ങളോടുകൂടി ജനങ്ങൾക്കു നല്കുകയും കുളത്തിനു സംരക്ഷണം നല്കുകയുമാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. കൊരുമ്പിശേരി മേഖലയുടെ പിന്നോക്കാവസ്ഥയാണു ബിജെപി ഇത്തവണയും പ്രചരണ വിഷയമാക്കുന്നത്. പ്രളയ സമയത്തും കോവിഡ് കാലഘട്ടങ്ങളിലും ബിജെപി പ്രവർത്തകർ വാർഡിൽ നടത്തിയ പ്രവർത്തനങ്ങൾ ഇത്തവണ ജനവിധി അനുകൂലമാക്കുമെന്ന ഉറച്ച പ്രതീക്ഷയാണ് ബിജെപി സ്ഥാനാർഥി സതീഷ് പുള്ളിൽ പങ്കുവെക്കുന്നത്. കൊരുമ്പിശേരി എന്നത് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെ അതിർത്തിയാണ്. ഇവിടത്തെ ആളുകൾ ഗ്രാമീണ മേഖലകളിലെന്ന പോലെ കൃഷിയും ജോലിയുമായി ജീവിക്കുന്ന വ്യക്തികളാണ്. അതുകൊണ്ടു തന്നെ നഗരത്തിന്റേതായ ഒരു വികസനവും ഈ വാർഡിൽ എത്തിച്ചേർന്നിട്ടില്ല. വികസനം എത്തിയിട്ടില്ലെന്നും വികസനം എത്തിക്കുകയും പ്രവർത്തനം കാഴ്ചവെക്കുകയുമാണ് ലക്ഷ്യമെന്നു സതീഷ് പുള്ളിൽ പറഞ്ഞു.