കൂടല്‍മാണിക്യം ദേവസ്വം ഭരണസമിതിയുടെ കാലാവധി പൂർത്തിയായി
ക്ഷേത്രവികസനത്തിന്റെ മൂന്നു വര്‍ഷങ്ങളെന്നു ചെയര്മാന് യു. പ്രദീപ് മേനോന്
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വം മാനേജിംഗ് കമ്മിറ്റിയുടെ മൂന്നു വര്‍ഷത്തെ കാലാവധി പൂർത്തിയായി. യു. പ്രദീപ് മേനോന് ചെയര്‍മാനായുള്ള കമ്മിറ്റിയാണ് കാലാവധി പൂര്‍ത്തിയാക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ക്ഷേത്രത്തിന്റെ ഉയര്‍ച്ചയ്ക്കും ക്ഷേമത്തിനുമായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താനും തുടങ്ങി വെക്കാനും ഈ ഭരണസമിതിയുടെ കാലഘട്ടത്തില്‍ കഴിഞ്ഞിട്ടുണ്ട്. അന്യാധീനപ്പെട്ടുകൊണ്ടിരുന്ന ക്ഷേത്രഭൂമികള്‍ തിരിച്ചുപിടിക്കാനായി. കോവിഡിനെത്തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെങ്കിലും നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചതായി യു. പ്രദീപ് മേനോന് പറഞ്ഞു. ആലുവ ഉളിയന്നൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ അന്യാധീനപ്പെട്ട ആറു ഏക്കര്‍ ഭൂമിയും ക്ഷേത്രവും ദേവസ്വം തിരിച്ചുപിടിച്ചു. ആലുവ കീഴ്മാട് ദേവസ്വം വക 5.95 ഏക്കര്‍ ഭൂമി കണ്ടെത്തുവാനും തുടര്‍ നടപടികള്‍ നടത്തി ദേവസ്വത്തിലേക്കു തിരിച്ചെടുക്കുവാനുമുള്ള നടപടി സ്വീകരിച്ചു. ഇരിങ്ങാലക്കുടയിലെയും ചാലക്കുടിയിലെയും ഭൂമി നിയമ നടപടികളിലൂടെ തിരിച്ചുപിടിച്ചു. കച്ചേരിവളപ്പില്‍ ദേവസ്വത്തിന്റെ പ്രധാനപ്പെട്ട പദ്ധതിയുടെ പ്രോജക്ട് തയാറാക്കുന്നു. കളത്തുംപറമ്പില് പുതിയ പ്രോജക്ട്, കുട്ടംകുളം നവീകരണം, കൊട്ടിലാക്കല്‍ പറമ്പില്‍ സസ്യത്തോട്ടം, ആയുര്‍വേദ ആശുപത്രി എന്നിവയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടത്തി. കൂടല്‍മാണിക്യം ക്ഷേത്രവികസനത്തിനായി ഭക്തജനങ്ങളുടെ സഹായത്തോടെ മാനേജിംഗ് കമ്മിറ്റി നടപ്പാക്കിയത് നാലരക്കോടിയുടെ പദ്ധതികളെന്നു ചെയര്മാന് യു. പ്രദീപ് മേനോന് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ കൈമളുടെ പഴയ കൊട്ടാരം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സ് ആക്കി. ഠാണാ സംഗമേശ്വര കോംപ്ലക്സ്, ബസ് സ്റ്റാന്‍ഡിനു സമീപം കൂടല്മാണിക്യക്ഷേത്രകവാടം, അപകടാവസ്ഥയിലായിരുന്ന ആല്‍ത്തറ പുനര്‍നിര്‍മാണം, ക്ഷേത്രവും ദേവസ്വവും കംപ്യൂട്ടര്‍ വത്കരിച്ച് ജീവനക്കാര്‍ക്ക് സൗജന്യ പരിശീലനം എന്നിവ നടത്തി. ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ 64 കാമറ, അനുബന്ധ സജീകരണങ്ങള്‍, രംഗമണ്ഡപ നിര്‍മാണം, ചെറിയ തീര്‍ഥക്കുള സംരക്ഷണം, ചുറ്റമ്പലത്തിനകത്തെ നവീകരണം, ആനപ്പള്ളമതിലിന്റെ അറ്റകുറ്റപ്പണി, ഉളിയന്നൂര്‍ ക്ഷേത്രത്തിന്റെയും കൊട്ടാരത്തിന്റെയും അറ്റകുറ്റപ്പണികള്‍ നടത്തി. പോട്ട കച്ചേരിവളപ്പ്, എളനാട് അയ്യങ്കാവ് തുടങ്ങി മറ്റു കീഴേടം ക്ഷേത്രങ്ങളില്‍ നവീകരണം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളും അതത് സ്ഥലത്തെ ഭക്തരുടെയും നാട്ടുകാരുടെയും കമ്മിറ്റികളുടെയും സഹായത്തോടെ നടത്തി. ഭരണസമിതി അംഗങ്ങളായ ഭരതന് കണ്ടേങ്കാട്ടില്‍, അഡ്വ. രാജേഷ് തമ്പാന്, കെ.ജി. സുരേഷ്, പ്രേമന്, ഷൈന്‍, അഡ്മിനിസ്ട്രേറ്റര്‍ സമു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.