കോന്തിപുലം കെഎല്‍ഡിസി കനാല്‍: തടയണ വൈകില്ല
വിഷയത്തില്‍ ഇടപെട്ട് പ്രഫ. കെ.യു. അരുണന് എംഎല്‍എയും പഞ്ചായത്തും
മാടായിക്കോണം: കെഎല്‍ഡിസി കനാലിലെ താത്കാലിക തടയണ അടിയന്തിരമായി പുനര്‍നിര്‍മിക്കുമെന്നു ഇറിഗേഷന്‍ വകുപ്പ്. വെള്ളമില്ലാതെ മുരിയാട് കായല്‍മേഖലയിലെ പ്രതിസന്ധിയിലായ പാടശേഖരവും കെഎല്‍ഡിസി കനാലില്‍ തടയണ തകര്‍ന്നതും സന്ദര്‍ശിച്ച മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളിയോടു എത്രയും വേഗം താത്കാലിക തടയണ നിര്‍മിക്കുമെന്നു ഇറിഗേഷന്‍ വകുപ്പ് വ്യക്തമാക്കി. അടുത്തദിവസം നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുമെന്നു ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയതായി ജോസ് ജെ. ചിറ്റിലപ്പിള്ളി പറഞ്ഞു. തടയണ തകര്‍ന്നു വെള്ളം ഒഴുകിപ്പോയ പാടശേഖരങ്ങള്‍ ജോസ് ചിറ്റിലപ്പിള്ളിയും പഞ്ചായത്തംഗങ്ങളും സന്ദര്‍ശിച്ചു. കര്‍ഷകരുമായി വിഷയം ചര്‍ച്ച ചെയ്തു. തുടര്‍ന്നാണു ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, പഞ്ചായത്തംഗങ്ങളായ തോമസ് തൊകലത്ത്, സരിത സുരേഷ്, കെ.എസ്. സുനില്‍കുമാര്‍, സ്മിത അര്ജുനന് എന്നിവരും പഞ്ചായത്ത് പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു. വര്‍ഷം തോറും ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മിക്കുന്ന തടയണയല്ല, സ്ഥിരം തടയണയാണു വേണ്ടതെന്നു ജോസ് ജെ. ചിറ്റിലപ്പിള്ളി പറഞ്ഞു. കോന്തിപുലം പാലത്തിനു സമീപം കെഎല്‍ഡിസി കനാലില്‍ കൃഷിയാവശ്യത്തിനു വെള്ളം സംഭരിക്കുന്നതിനായി മേജര്‍ ഇറിഗേഷന്‍ വകുപ്പ് നിര്‍മിച്ച താത്കാലിക തടയണയാണു ഈ മാസം എട്ടിനു പൊട്ടിയത്. ശക്തമായ മഴയില്‍ വെള്ളം കയറി താത്കാലിക തടയണയുടെ ഒരു ഭാഗം തള്ളിപ്പോകുകയായിരുന്നു. പത്ത് ദിവസം പിന്നിട്ടിട്ടും പുനര്‍നിര്‍മിച്ചില്ല. ഇരിങ്ങാലക്കുട നഗരസഭ, മുരിയാട്, പറപ്പൂക്കര, വേളൂക്കര, ആളൂര്‍ മേഖലയിലെ 4500 ഏക്കര്‍ കോള്‍പ്പാടങ്ങളിലെ കൃഷിക്കു ജലസേചനത്തിനായി വെള്ളം സംഭരിക്കുന്നതിനാണു തടയണ. അടിയന്തിരമായി താത്കാലിക തടയണ നിര്‍മിക്കണമെന്നു മേജര്‍ ഇറിഗേഷന്‍ വകുപ്പിനോടു ആവശ്യപ്പെട്ടിട്ടുണ്ടെന്നു പ്രഫ. കെ.യു. അരുണന് എംഎല്‍എ പറഞ്ഞു. സ്ഥിരം തടയണ നിര്‍മിക്കുന്ന കാര്യത്തില്‍ മന്ത്രിതലത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. വേഗം വിശദമായ എസ്റ്റിമേറ്റ് റിപ്പോര്‍ട്ട് തയാറാക്കി നല്കാന് മേജര്‍ ഇറിഗേഷന്‍ വകുപ്പിനോടു ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തകര്‍ന്ന തടയണ ഇതുവരെയും പുനര്‍നിര്‍മിച്ചില്ല, 4500 ഏക്കര്‍ കൃഷി പ്രതിസന്ധിയില്‍, മുരിയാട് കോളില്‍ തടയണ പൊട്ടിയത് 14 ദിവസം മുമ്പ്
മുരിയാട്: കെഎല്‍ഡിസി കനാലില്‍ നിര്‍മിച്ച തടയണ തകര്‍ന്നിട്ട് 10 ദിവസമായിട്ടും പുനര്നിര്മിക്കാതായതോടെ മുരിയാട് കോളിലെ 4500 ഏക്കര്‍ കൃഷി വെള്ളം കിട്ടാതെ നാശത്തിന്റെ വക്കില്‍. കോന്തിപുലം പാലത്തിനു സമീപം മേജര്‍ ഇറിഗേഷന്‍ വകുപ്പ് നിര്‍മിച്ച താത്കാലിക തടയണയാണു പൊട്ടിയത്. വെള്ളം ലഭിക്കാതായതോടെ പാടശേഖരങ്ങള്‍ വിണ്ടുകീറിത്തുടങ്ങി. കനാലിലും വെള്ളം താഴ്ന്നു. ഓരോ വര്‍ഷവും ലക്ഷങ്ങള്‍ ചെലവഴിച്ചാണു തടയണ നിര്‍മിക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭ, മുരിയാട്, പറപ്പൂക്കര, വേളൂക്കര, ആളൂര്‍ പഞ്ചായത്തുകളിലായുള്ള കോള്‍പ്പാടങ്ങള്‍ക്കു വെള്ളം ലഭിക്കുന്നതു ഈ തടയണ മൂലമാണ്. ഈ മാസം എട്ടിനു ശക്തമായ മഴയില്‍ വെള്ളം കയറി തടയണയുടെ ഒരുഭാഗം തള്ളിപ്പോകുകയായിരുന്നു. അടിയന്തിരമായി തടയണ പുനര്‍നിര്‍മിക്കണമെന്നു കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. തോടുകള്‍ ആഴംകൂട്ടാനും ചണ്ടിമാറ്റുന്നതിനുമായി യന്ത്രങ്ങളെത്തിച്ചെങ്കിലും വെള്ളമില്ലാതായതോടെ പണി നിര്‍ത്തിവെച്ചു. അധികജലം ഒഴുകിപ്പോകാനുള്ള സൗകര്യത്തിന്റെ അപര്യപ്തതയാണു തടയണ തള്ളിപ്പോകാന്‍ കാരണമെന്നു കര്‍ഷകര്‍ ആരോപിച്ചു. തടയണ നിര്‍മിക്കുമ്പോള്‍ ഇരുവശത്തും പനമ്പ് കെട്ടണമെന്നാണു കരാര്‍. എന്നാല്‍, ചെയ്യാതെ തകരഷീറ്റ് വെച്ചാണു തടയണ കെട്ടുന്നത്. കഴിഞ്ഞ വര്‍ഷം രണ്ടുതവണയും അതിനു മുന്‍വര്‍ഷം ഒരു തവണയും ഇവിടെ നിര്‍മിച്ചിരുന്ന തടയണകള്‍ തകര്‍ന്നിരുന്നു. ഈ മാസം 25 നു ഡാം തുറക്കുന്നതിനു മുമ്പ് തടയണ കെട്ടിയില്ലെങ്കില്‍ കൃഷിക്കു വെള്ളം കിട്ടാതെയാകും. താത്കാലിക തടയണ മാറ്റി സ്ഥിരം സംവിധാനം ഒരുക്കണം, പ്രളയത്തില്‍ മണ്ണടിഞ്ഞ് ആഴംകുറഞ്ഞ ബണ്ട് തോടിന്റെയും ഉള്ത്തോടുകളുടെയും ആഴം കൂട്ടണം, പാറതോടില് രണ്ടു പമ്പുസെറ്റുകള്‍ പുനസ്ഥാപിച്ച് സ്ഥിരം വെള്ളം എത്തിക്കുന്ന സംവിധാനം ഒരുക്കണം, ബണ്ടുകളില്‍ സ്ഥാപിച്ചിരിക്കുന്ന മോട്ടോര്‍ ഷെഡുകള്‍ ഉയര്‍ത്തി സ്ഥാപിക്കണം ഇവയാണു കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍. തടയണ അടിയന്തിരമായി പുനസ്ഥാപിച്ചാലേ കൃഷി ഉണങ്ങാതിരിക്കുള്ളൂവെന്നു മുരിയാട് കായല്‍ തെക്കേപ്പാടം കോള്‍ കര്‍ഷകസമിതി സെക്രട്ടറി നിഷ അജയകുമാര്‍ പറഞ്ഞു. തടയണ പുനര്‍നിര്‍മിച്ച് വെള്ളം സംഭരിക്കുന്നതോടൊപ്പം തന്നെ സ്ഥിരം സംവിധാനത്തിനുള്ള ജോലി കൂടി ആരംഭിച്ചാല്‍ മഴക്കാലത്തിനുമുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയും. സ്ഥിരം സംവിധാനം വരുകയാണെങ്കില്‍ പല പാടശേഖരങ്ങള്‍ക്കും ഇരുപ്പൂകൃഷി ചെയ്യാന്‍ കഴിയും.