ലാളിത്യത്തിന്റെ വഴിയില്‍ ഇരിങ്ങാലക്കുടയുടെ ഇടയശ്രേഷ്ഠന് ഇന്ന് ഷഷ്ഠിപൂര്‍ത്തി
ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഇന്ന് അറുപതാം പിറന്നാള്‍
ഇരിങ്ങാലക്കുട: കുഴിക്കാട്ടുശേരിയെന്ന ഗ്രാമീണ മേഖലയുടെ എളിയ സാഹചര്യങ്ങളില്‍ നിന്നു ഇരിങ്ങാലക്കുട രൂപതയുടെ ദ്വിതീയ ബിഷപായി ഉയര്‍ത്തപ്പെട്ട മാര്‍ പോളി കണ്ണൂക്കാടന്‍ ലാളിത്യത്തിന്റെ വഴിയില്‍ ഇന്ന് 60-ാം പിറന്നാള്‍. ഇന്ന് രൂപതയില്‍ പൊതുപരിപാടികളോ ആഘോഷങ്ങളൊ ഒന്നുമില്ല. രാവിലെ 7.30 ന് കത്തീഡ്രല്‍ ദേവാലയത്തില്‍ ദിവ്യബലി. തുടര്‍ന്ന് രൂപതാ മന്ദിരത്തില്‍ സന്ദര്ശകരോടൊത്തു ചിലവഴിക്കല്‍. ഉച്ചതിരിഞ്ഞ് 3.30 ന് കനകമലയില്‍ നോമ്പുകാല തീര്‍ഥാടനം ഉദ്ഘാടനം. ആഘോഷങ്ങളില്‍ ആഡംബരങ്ങള്‍ ഒഴിവാക്കാനുള്ള സന്ദേശമാണ് ബിഷപ് നല്കുന്നവയില് പ്രധാനം. ആഘോഷങ്ങള്‍ വേണ്ടെന്നല്ല, പക്ഷേ, അവ വിശുദ്ധമാകണമെന്ന നിര്‍ബന്ധമുണ്ട്. വിനയം നിറഞ്ഞ വ്യക്തിത്വമാണെങ്കിലും അദ്ദേഹത്തിന്റെ ഇച്ഛാശക്തി സഹപ്രവര്‍ത്തകര്‍ പലവട്ടം മനസിലാക്കിയിട്ടുണ്ട്. ഹൃദയത്തില്‍ അഗ്നിയും കാലില്‍ ചിറകുമായി വിശ്രമമില്ലാതെ അധ്വാനിക്കുന്ന ഒരു ഇടയശ്രേഷ്ഠന്, രൂപതയുടെ സര്വതോന്മുഖമായ വളര്‍ച്ചയ്ക്കും ആത്മീയപോഷണത്തിനുമായി അഹോരാത്രം പരിശ്രമിക്കുന്ന നല്ല ഇടയന്, കൊറോണ കാലത്തിലും പ്രളയക്കെടുതിയിലും ജനങ്ങളോടൊപ്പം സഹിക്കുന്ന ഇടയന്, ഓണ്‍ലൈനായും ഓഫ്ലൈനായും വിവിധ കൂട്ടായ്മകളെ കണ്ടുമുട്ടുന്ന ഇടയന്. ഏതുസമയത്തും ആര്‍ക്കും സ്വാതന്ത്ര്യത്തോടെ കടന്നുചെല്ലാവുന്ന മെത്രാസനഭവനം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടനെ കുറിച്ചുള്ള വിശേഷണങ്ങള്‍ അങ്ങനെ നീളുന്നു.
2010 ഏപ്രില്‍ 18 നാണ് ഇരിങ്ങാലക്കുട രൂപതയുടെ ദ്വിതീയ ബിഷപ്പായി അഭിഷിക്തനായത്. അദ്ദേഹം ആരംഭിച്ച ബ്ലസ് എ ഹോം പദ്ധതിയിലൂടെ ജാതിമതഭേദമെന്യേ 1560 കുടുംബങ്ങള്‍ക്കാണ് സഹായമെത്തുന്നത്. ജനപങ്കാളിത്തത്തോടെ സമൂഹത്തിലെ അവശത അനുഭവിക്കുന്നവരും പാവപ്പെട്ടവരുമായ കുടുംബങ്ങളെ സ്വയം പര്യാപ്തതയിലേക്ക് ഉയര്‍ത്തി സുസ്ഥിരമായ വളര്‍ച്ചയിലേക്കും നയിക്കുക എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതി വഴി കുടുംബങ്ങള്‍ക്ക് ചികിത്സാസഹായം, കുട്ടികളുടെ വിദ്യാഭ്യാസം, ഭവനനിര്‍മാണം, വിവാഹ സഹായം, തൊഴില്‍ പരിശീലനപരിപാടികള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നീ പ്രവര്‍ത്തനങ്ങള്‍ വഴിയാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. 11 വര്‍ഷക്കാലയളവില്‍ മൂന്ന് വ്യത്യസ്ത പദ്ധതികളാണ് ബ്ലെസ് എ ഹോം പദ്ധതിയിലൂടെ നടപ്പാക്കിയിട്ടുള്ളത്. കേരളത്തിലും മിഷന് പ്രദേശങ്ങളായ അദിലാബാദ്, ജഗദല്‍പൂര്‍, ഛാന്ദാ, ഹൊസൂര്‍, വിശാഖപട്ടണം ഭദ്രാവതി എന്നിവിടങ്ങളിലെ 1560 കുടുംബങ്ങള്‍ക്കായി 8.50 കോടി രൂപ ഇതുവരെ പദ്ധതി വഴി ചെലവഴിച്ചുകഴിഞ്ഞു. 2018 ആഗസ്റ്റിലുണ്ടായ പ്രളയത്തില്‍ അതിന്റെ രൂക്ഷത ഏറ്റവും അധികം ഏറ്റുവാങ്ങേണ്ടിവന്നത് ഇരിങ്ങാലക്കുട രൂപത ഉള്‍പ്പെടുന്ന പ്രദേശമാണ്. പ്രളയാനന്തര അതിജീവനത്തിന്റെ ഭാഗമായി 1019 കുടുംബങ്ങള്‍ക്ക് ഒരു കോടി മുപ്പത് ലക്ഷം രൂപ നല്കാന് കഴിഞ്ഞു. 220 വിദ്യാര്‍ഥികള്‍ക്ക് പഠനസഹായവും ലഭ്യമാക്കുന്നു. ഹൃദയ പാലിയേറ്റീവ് കെയര്‍ വഴി 1600 കുടുംബങ്ങളിലാണ് അദ്ദേഹത്തിന്റെ സഹായമെത്തുന്നത്. മുസിരിസ് പൈതൃകപദ്ധതികള്ക്ക് രൂപം നല്‍കുന്നതിനും മുമ്പേ തന്നെ കൊടുങ്ങല്ലൂരിന്റെ പൗരാണികത്വം തിരിച്ചറിഞ്ഞ് ബിഷപ് ആരംഭം കുറിച്ചതാണ് കൊടുങ്ങല്ലൂര്‍ തീര്‍ഥാടനവും കൊടുങ്ങല്ലൂര്‍ റിസര്‍ച്ച് അക്കാദമിയും.
ജീവിത രേഖ
1961 ഫെബ്രുവരി 14 പ്രണയദിനത്തിലാണ് അദ്ദേഹത്തിന്റെ ജനനം. കുഴിക്കാട്ടുശേരി കൊമ്പൊടിഞ്ഞാമാക്കല്‍ ഔസേപ്പ് – കൊച്ചുമറിയം ദമ്പതികളുടെ മകന്. സ്കൂള്‍ വിദ്യാഭ്യാസം കൊമ്പിടിയിലും ആളൂരുമായി നടത്തിയ ശേഷമാണ് തൃശൂര്‍ മൈനര്‍ സെമിനാരിയില്‍ വൈദിക പരിശീലനം ആരംഭിക്കുന്നത്. തുടര്‍ന്ന് കോട്ടയം വടവാതൂര്‍ സെമിനാരിയില്‍ തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കി 1985 ഡിസംബര്‍ 28 ന് ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമമെത്രാനില് നിന്ന് പൗരോഹിത്യം സ്വീകരിച്ചു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ അസിസ്റ്റന്റായി തുടക്കം. തുറവന്‍കുന്ന്, കൊറ്റനെല്ലൂര്‍, കുതിരത്തടം, ഇഞ്ചക്കുണ്ട്, മുരിക്കിങ്ങല്‍, കുഴിക്കാട്ടുകോണം, പാദുവാനഗര്‍, കൊറ്റനല്ലൂര്‍ എന്നിവിടങ്ങളില്‍ വികാരിയായിരുന്നു. റോമില്‍ പൊന്തിഫിക്കല്‍ പൗരസ്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലിറ്റര്‍ജിയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. രൂപതയുടെ ജീവിതനവീകരണ പ്രസ്ഥാനമായിരുന്ന ആളൂര്‍ ബിഎല്‍എം ന്റെ അസോസിയേറ്റ് ഡയറക്ടര്‍, ‘കേരളസഭ’ പത്രത്തിന്റെ ചുമതലക്കാരന്, രൂപത മൈനര്‍ സെമിനാരി വൈസ് റെക്ടര്‍, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി, രൂപത മതബോധന ഡയറക്ടര്‍, വിദ്യാജ്യോതി അജപാലന കേന്ദ്ര ഡയറക്ടര്‍, ബൈബിള്‍ അപ്പസ്തോലേറ്റ് ഡയറക്ടര്‍ എന്നീ നിലകളിലെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ മികവ് തെളിയിക്കുന്നവയായിരുന്നു. ഈ കാലത്താണ് ജസ്റ്റിസ് ഫോറം, പ്രത്യാശ പ്രസ്ഥാനങ്ങള്‍ക്ക് അദ്ദേഹം പ്രാരംഭം കുറിക്കുന്നതും അതിന്റെ സ്ഥാപക ഡയറക്ടറായി സേവനം അനുഷ്ഠിച്ചതും. 2002-2003 കാലയളവില്‍ ഇരിങ്ങാലക്കുട രൂപതയുടെ രജതജൂബിലി വര്‍ഷാഘോഷങ്ങളുടെ ജനറല്‍ കണ്‍വീനറെന്ന നിലയില്‍ അദ്ദേഹം കാഴ്ചവെച്ച പ്രവര്‍ത്തനങ്ങള്‍ അവിസ്മരണീയം തന്നെയായിരുന്നു. 2004 ലാണ് ഈ രൂപതയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച വലിയ ഒരു അംഗീകാരം പോലെ സീറോ മലബാര്‍ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലേക്ക് അദ്ദേഹം നിയമിതനായത്. ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടറായും ലിറ്റര്‍ജി, ക്ലെര്‍ജി, റിലിജിയസ് കമ്മീഷന് എന്നിവയുടെ സെക്രട്ടറിയായും ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. വിവിധ മേജര്‍ സെമിനാരികളില്‍ ലിറ്റര്‍ജി പ്രഫസറെന്ന നിലയിലുള്ള മികവും അദ്ദേഹം തെളിയിച്ചു. ലിറ്റര്‍ജി, മതബോധനം, സഭാശാസ്ത്രം എന്നീ വിവിധ മേഖലകളില്‍ ഈടുറ്റ ഗ്രന്ഥങ്ങളുടെ രചയിതാവും കര്‍മപഥങ്ങളെ അനശ്വരമാക്കുന്ന വ്യക്തിത്വവുമാണ് മാര്‍ പോളി കണ്ണൂക്കാടന്‍.