സ്ഥാനാര്‍ഥിയാകാനും സ്ഥാനാര്‍ഥിയെ കണ്ടെത്താനും പരക്കം പാച്ചില്‍
തെരഞ്ഞെടുപ്പ് നടന്നോട്ടെ, ഞങ്ങള്‍ ഓട്ടം തുടങ്ങി
ഇരിങ്ങാലക്കുട: തദ്ദേശ തെരഞ്ഞെടുപ്പ് എന്നു നടക്കുമെന്നു ഉറപ്പില്ലെങ്കിലും തെരഞ്ഞെടുപ്പിനായുള്ള ഓട്ടം തുടങ്ങിക്കഴിഞ്ഞു. ജനറല്‍ വാര്‍ഡുകളില്‍ സ്ഥാനാര്‍ഥിയാകാനുള്ള ഓട്ടമാണെങ്കില്‍ വനിതാ സംവരണ വാര്‍ഡുകളില്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താനാണു പരക്കം പാച്ചില്‍. വാര്‍ഡ് വിഭജനം ഇക്കുറിയില്ലെന്നു തെരഞ്ഞെടുപ്പ് കമ്മിഷന് പ്രഖ്യാപിച്ചപ്പോള്‍ തന്നെ സംവരണ വാര്‍ഡുകള്‍ ഏതൊക്കെയെന്ന ഏകദേശ ചിത്രം മത്സരാര്‍ഥികള്‍ക്കു കിട്ടിയിരുന്നു. ജനറലാകാന്‍ സാധ്യതയുള്ള വാര്‍ഡുകളിലൊക്കെ നേതാക്കള്‍ ചെറിയ രീതിയില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. നറുക്കെടുപ്പ് കഴിഞ്ഞതോടെ ആ പ്രവര്‍ത്തനം ഒന്നുകൂടെ സജീവമായിട്ടുണ്ട്. സംവരണം ആവര്‍ത്തിച്ച വനിതാ വാര്‍ഡില്‍ കണ്ണുവച്ചവരൊക്കെ തൊട്ടടുത്ത ജനറല്‍ വാര്‍ഡിലേക്കു പ്രവര്‍ത്തനം മാറ്റി. രണ്ടാമൂഴം ആഗ്രഹിക്കുന്ന വനിതാ മെമ്പര്‍മാര്‍ തൊട്ടടുത്ത വാര്‍ഡില്‍ നേരത്തേ തന്നെ ശ്രദ്ധ പുലര്‍ത്തിയിരുന്നു. ചിലര്‍ക്കു സിറ്റിംഗ് സീറ്റില്‍ തന്നെ ഒരു വട്ടം മത്സരിച്ചാല്‍ കൊള്ളാമെന്നുണ്ട്. ജനറല്‍ സീറ്റ് എന്നാല്‍ പുരുഷന്മാരുടെ സീറ്റ് എന്നൊന്നും ഇല്ലല്ലോ.
കോവിഡ് കാലത്തെ സ്ഥാനാര്‍ഥി മോഹങ്ങള്‍
ആദ്യഘട്ട ലോക്ക് ഡൗണിനു ശേഷം പതിയെ നിന്നു പോയിരുന്ന ഭക്ഷണവിതരണവും മരുന്നു വിതരണവുമെല്ലാം സംവരണവാര്‍ഡുകളുടെ നറുക്കെടുപ്പ് കഴിഞ്ഞതോടെ വീണ്ടും സജീവമായിട്ടുണ്ട്. ഓരോ വാര്‍ഡിലും സ്ഥാനാര്‍ഥിക്കുപ്പായം തയ്പ്പിച്ചവരാണു സഹായങ്ങള്‍ക്കു മുന്നില്‍. കണ്ടെയ്ന്മെന്റ് വാര്‍ഡുകളില്‍ ഭക്ഷണക്കിറ്റ് വിതരണം, ജീവിതശൈലി രോഗങ്ങള്‍ക്കുള്ള മരുന്നു വിതരണം എന്നിവയൊക്കെ നറുക്കെടുപ്പിനുശേഷം സജീവമായി. കോവിഡ് ടെസ്റ്റിനായി പോകാന്‍ ചിലര്‍ വാഹനം ഏര്‍പ്പാടാക്കുമ്പോള്‍ സ്വന്തം വാഹനത്തില്‍ കൊണ്ടുപോകുന്നവരുമുണ്ട്. വോട്ടെടുപ്പിനു കൊണ്ടുപോകാന്‍ ഇതിലേതു വാഹനമാണു വരികയെന്നുറപ്പില്ല. കാരണം ഒരു വാര്‍ഡില്‍ തന്നെ രണ്ടും മൂന്നും പേരാണു ഒരേ പാര്‍ട്ടിക്കുവേണ്ടി സ്ഥാനാര്‍ഥിയാകാന്‍ ഒരുങ്ങിയിറങ്ങിയിട്ടുള്ളത്. മുന്നണിക്കുള്ളില്‍ ധാരണയാവാത്ത വാര്‍ഡുകളില്‍ ഘടകകക്ഷികളിലെ സ്ഥാനാര്‍ഥി മോഹികളുമുണ്ട്.
ജയിച്ചാലും തോറ്റാലും സീറ്റ് തന്നേതീരൂ.. പലര്‍ക്കും ഗ്രൂപ്പിലാണു പ്രതീക്ഷ
കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ടവരും സംവരണത്തിന്റെ പേരില്‍ മാറിനിന്നവരും ഇത്തവണ സീറ്റിനായി പിടിമുറുക്കി. ഇവര്‍ ജനപ്രതിനിധികളായില്ലെങ്കിലും വാര്‍ഡിലെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളായിരുന്നു. ഒപ്പം പാര്‍ട്ടി പ്രവര്‍ത്തനത്തിലും. ജയിച്ചാലും തോറ്റാലും സീറ്റുവേണമെന്ന ആവശ്യമാണു ഇക്കൂട്ടര്‍ക്കുള്ളത്. സാധാരണ രാഷ്ട്രീയപാര്‍ട്ടികള്‍ക്കു തെരഞ്ഞെടുപ്പുകാലത്തു പേടിസ്വപ്നമാണു ഗ്രൂപ്പുകളി. എന്നാല്‍ പലര്‍ക്കും മല്‍സരിക്കാനുള്ള സര്‍വപ്രതീക്ഷയും നല്‍കുന്നത് ഇത്തരം ഗ്രൂപ്പുകളാണ്. സീറ്റിനായി പലരും ഗ്രൂപ്പുകള്‍ വരെ മാറുന്ന സ്ഥിയിലാണ്. സ്വന്തം വാര്‍ഡ് ഏത് ഗ്രൂപ്പിനാണെന്നു മനസിലാക്കി ആ ഗ്രൂപ്പിന്റെ നേതാക്കളെ കണ്ട് സീറ്റ് ഉറപ്പിക്കുന്ന തിരക്കിലാണു പലരും. സ്വന്തം വാര്‍ഡില്‍ ഗ്രൂപ്പുക്കാരെ വെട്ടിനിരത്തുന്നതിനു പുറമേ ഇതര വാര്‍ഡില്‍ നിന്നും ഗ്രൂപ്പിന്റെ പേരില്‍ മല്സരിക്കാനെത്തുന്നവരെയും തടയിടാനുള്ള പല നീക്കവും സജീവം.
ഓടിനടന്ന് സീറ്റ് ഉറപ്പിക്കല്‍ നടക്കില്ലാശാനേ….
ഒന്നിലധികം വാര്‍ഡുകളില്‍ ഓടി നടന്ന് സ്ഥാനാര്‍ഥിപ്പട്ടികയില്‍ കയറിപ്പറ്റാനുള്ള ശ്രമമാണു പല വാര്‍ഡുകളിലുമുള്ളത്. ഒരു സീറ്റ് അതില്‍ കണ്ണും നട്ട് നാലോ അഞ്ചോ പേര് ഇതാണ് വിജയ സാധ്യതയുള്ള വാര്‍ഡുകളിലെ അവസ്ഥ. ഒരു വിധത്തില്‍ കസേരകളിയുടെ ചുറ്റികളിയാണിത്. നഗരസഭയില്‍ ഇത്തരം കസേരകളികള്‍ സജീവമാണ്. വിജയ സാധ്യതനോക്കി പുതിയ വാര്‍ഡുകളില്‍ സീറ്റുറപ്പിക്കുന്ന തിരക്കിലാണു പല സ്ഥാനാര്‍ഥി മോഹികളും. മുമ്പ് വിജയിച്ച സീറ്റ് നല്‍കാമെന്നു പറഞ്ഞീട്ടും ഇതു നിരസിച്ചതിനു പിന്നില്‍ മങ്ങിയ വിജയ സാധ്യതയാണെന്നു വ്യക്തം. എന്നാല്‍ ഇതു അനുവദിക്കാന്‍ കഴിയില്ലെന്ന മട്ടാണു പലര്‍ക്കുമുള്ളത്. വിജയ സാധ്യതയുടെയും നേതാക്കളുമായുള്ള സ്വാധീനവും കണക്കിലെടുത്ത് ഇത്തരക്കാര്‍ക്കു സീറ്റ് നല്കിയാല് മറ്റ് പലരുടെയും അവസരങ്ങളാണ് നഷ്ടപ്പെടുന്നതെന്ന അഭിപ്രായമാണു പലര്‍ക്കുമുള്ളത്. പലരും സീറ്റ് ഉറപ്പിക്കുന്നതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കലും ആരംഭിച്ചിട്ടുണ്ട്. വോട്ട് ചോദിക്കുന്നില്ലെങ്കിലും സ്വന്തം പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോകളും ലഘുലേഖകളും വോയ്സ് ക്ലിപ്പുകളുമൊക്കെ വാട്സാപ് ഗ്രൂപ്പുകളില്‍ ഇപ്പോള്‍ത്തന്നെ നിറഞ്ഞുതുടങ്ങി. വാര്‍ഡ് കമ്മിറ്റി ഗ്രൂപ്പ്, പഞ്ചായത്ത് കമ്മിറ്റി ഗ്രൂപ്പ്, വിമതഗ്രൂപ്പ് തുടങ്ങി ഗ്രൂപ്പുകളുടെ വേലിയേറ്റമാണു ഇപ്പോഴുള്ളത്. തന്റെ ഇഷ്ടക്കാരെ കൊണ്ട് ലൈക്കടിപ്പിക്കാനും കമന്റിടാനും ഇക്കൂട്ടര്‍ മുന്നില്‍ തന്നെ.