വരന്തരപ്പിള്ളി മേഖലയില്‍ രണ്ടിടങ്ങളില്‍ നിന്ന് 135 ലിറ്റര്‍ മദ്യം പിടികൂടി; നാലു പേര് പിടിയില്‍
ഇരിങ്ങാലക്കുട: വരന്തരപ്പിള്ളി, കരുവാപ്പടി എന്നിവിടങ്ങളില്‍ നിന്ന് എക്സൈസ് സംഘം 135 ലിറ്റര്‍ മദ്യവും രണ്ട് കെയ്സ് ബിയറും പിടികൂടി. ലോക് ഡൗണിനെ തുടര്‍ന്ന് എക്സൈസ് സീല്‍ ചെയ്ത് അടച്ചിട്ട രചന ഹോട്ടല്‍ ബാറില്‍ നിന്ന് കാറില്‍ കടത്താന്‍ ശ്രമിച്ച 54 ലിറ്റര്‍ മദ്യം ഇരിങ്ങാലക്കുട എക്സൈസ് ഇന്‍സ്പെക്ടര്‍ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. സംഭവത്തില്‍ മാന്ദാമംഗലം നെല്ലിക്കാമലയില്‍ ജിബിന്‍ (42), അളഗപ്പനഗര്‍ കുമ്പളത്തുപറമ്പില്‍ വിനീഷ് (44) എന്നിവരാണ് പിടിയിലായത്. ബാര്‍ ജീവനക്കാരന് ഓടി രക്ഷപ്പെട്ടു
ഇയാള്‍ക്കെതിരെയും ബാറിന്റെ ഉടമക്കെതിരെയും കേസെടുത്തതായി എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് കണക്കെടുപ്പ് നടത്തി എക്സൈസ് ബാര്‍ സീല്‍ ചെയ്തത്. അടച്ചിട്ട ബാറില്‍ നിന്ന് മദ്യം കടത്തിയതിനെ തുടര്‍ന്ന് ബാറിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികള്‍ എടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കരുവാപ്പടിയില്‍ എക്സൈസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് കാറില്‍ നിന്ന് 81 ലിറ്റര്‍ മദ്യവും, രണ്ട് കെയ്സ് ബീയറും പിടികൂടിയത്. ഇതിലെ പ്രതികളായ പള്ളിപ്പുറം വില്ലേജില്‍ ചെന്തുരുത്തി വീട്ടില്‍ നിധിന് (26), കളത്തില്‍ വീട്ടില്‍ ആല്‍ബര്‍ട്ട് (21) എന്നിവരെ സംഘം അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് ലഭിച്ച സൂചനയിലാണ് വരന്തരപ്പിള്ളി ബാറില്‍ സംഘം പരിശോധന നടത്തിയത്.
കരുവാപ്പടിയില്‍ നിന്ന് പിടികൂടിയ മദ്യം വരന്തരപ്പിള്ളി ബാറില്‍ നിന്ന് കടത്തിയതാണോയെന്ന് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചുവരികയാണ്. മദ്യശാലകള്‍ അടച്ചിട്ടതോടെ വ്യാപകമായി മദ്യം കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് പരിശോധന കര്‍ശനമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് മാള, കൊടുങ്ങല്ലൂര്‍ മേഖലയിലും സംഘം പരിശോധന നടത്തുന്നുണ്ട്. അഞ്ചിരട്ടിയിലേറെ തുകക്കാണ് ഇവര്‍ മദ്യം മറിച്ചുവില്‍ക്കുന്നത്. ബാറില്‍ നിന്ന് ഇതിന് മുന്‍പും മദ്യം കടത്തിയിട്ടുണ്ടോയെന്നും സംഘം പരിശോധിക്കും. തൃശൂര്‍ എക്സൈസ് ഇന്റലിജന്‍സ് വിഭാഗം ഇന്‍സ്പെക്ടര്‍ എസ്. മനോജ്, ഇരിങ്ങാലക്കുട എക്സൈസ് ഇന്‍സ്പെക്ടര്‍ മനോജ്, ഇന്റലിജന്‍സ് ഉദ്യോഗസ്ഥരായ കെ. മണികണ്ഠന്, കെ.എസ്. ഷിബു, ഒ.എസ്. സതീഷ്, ടി.ജി. മോഹനന്, പ്രിവന്റീവ് ഓഫീസര്‍മാരായ പി.എം. ബാബു, സി.ബി. ജോഷി, സിഇഒ മാരായ വത്സന്, ഫാബിന് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.