അഖിലയുടെ അച്ഛനമ്മമാരെ ആശ്വസിപ്പിക്കാന്‍ മന്ത്രി ഡോ. ആര്. ബിന്ദു എത്തി
അഖിലയുടെ അച്ഛനമ്മമാരെ ആശ്വസിപ്പിക്കാന്‍ മന്ത്രി ഡോ. ആര്. ബിന്ദു എത്തി;
അന്വേഷണം വേഗമാക്കണമെന്ന് എസ്പിയോട് ആവശ്യപ്പെട്ടു
ആളൂര്‍: പഞ്ചായത്തില്‍ ദളിത് യുവതി അഖില ഭര്‍തൃഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതിനെപ്പറ്റി അന്വേഷണം വേഗത്തിലാക്കണമെന്നു മന്ത്രി ഡോ. ആര്. ബിന്ദു ജില്ലാ റൂറല്‍ എസ്.പി ജി. പൂങ്കുഴലി ഐപിഎസിനോട് ആവശ്യപ്പെട്ടു. യുവതിയുടെ വീട്ടിലെത്തി അച്ഛനമ്മമാരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടിയാണു മന്ത്രി പോലീസ് മേധാവിയെ ഫോണില്‍ ബന്ധപ്പെട്ട് നിര്‍ദേശം നല്‍കിയത്. കണ്ണിക്കര ചാതേലിക്കുന്ന് വാതേക്കാട്ടില്‍ വീട്ടിലെത്തി അഖിലയുടെ അച്ഛനമ്മമാരായ ഹരിദാസിനെയും സുജാതയെയും അഖിലയുടെ സഹോദരനെയും മന്ത്രി സമാശ്വസിപ്പിച്ചു. വേണ്ട ഇടപെടല്‍ ഉണ്ടാകുമെന്ന് മന്ത്രി അവര്‍ക്ക് ഉറപ്പുനല്‍കി. മാര്യേജ് ബ്യൂറോ വഴി വന്ന വിവാഹലോചനക്കു ഭര്‍തൃവീട്ടുകാരുടെ നിര്‍ബന്ധംകൊണ്ടാണു സമ്മതിച്ചതെന്ന് അമ്മ സുജാത മന്ത്രിയോടു പറഞ്ഞു. മരണം നടന്നയുടനെ മൃതശരീരം ഇറക്കിക്കിടത്തിയതിലും ദുരൂഹതയുണ്ടെന്ന് അച്ഛന് ഹരിദാസ് പറഞ്ഞു. മകള്‍ സ്വമനസാലെ ഇങ്ങനെ ചെയ്യില്ലെന്ന് ഉറപ്പാണെന്ന് അമ്മ സുജാത വികാരാധീനരായി മന്ത്രിയോട് പറഞ്ഞു. ആറുമാസം മുമ്പാണ് ആമ്പല്ലൂര്‍ മടവാക്കരയിലുള്ള കോവത്ത് ശശീന്ദ്രന്റെ മകന് അഖില്‍ വിവാഹം ചെയ്ത അഖില കഴിഞ്ഞ ഓഗസ്റ്റ് 28 നാണു ഭര്‍തൃഗൃഹത്തില്‍ മരിച്ചത്.