ബൈപാസ് റോഡ് തകര്‍ന്നുകിടക്കുന്ന ഭാഗത്ത് നഗരസഭ ടൈല്‍ വിരിക്കും
ഇരിങ്ങാലക്കുട: ബൈപാസ് റോഡ് തകര്‍ന്നു കുഴികളായിക്കിടക്കുന്ന ഭാഗത്ത് നഗരസഭ ടൈല്‍ വിരിക്കും. ടാറിംഗ് പ്രവൃത്തികൊണ്ടു ഫലമില്ലാത്തതിനാലാണു റോഡു തകര്‍ന്നു കുണ്ടും കുഴിയുമായി കിടക്കുന്ന 20 മീറ്ററില്‍ താഴെ വരുന്ന സ്ഥലത്തു ടൈല്‍ വിരിക്കാനൊരുങ്ങുന്നത്. കാട്ടൂര്‍ ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ക്കു തിരക്കേറിയ ബസ് സ്റ്റാന്‍ഡ് വഴി പോകാതെ എളുപ്പം ഠാണാവിലേക്ക് എത്തുന്നതിനായിട്ടാണു സമാന്തരമായി ബൈപാസ് റോഡ് നിര്‍മിച്ചത്. ദിനംപ്രതി നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ മധ്യത്തില്‍ മീറ്ററുകളോളം തകര്‍ന്നു കിടക്കുന്നതു കാലങ്ങളായി യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. മഴക്കാലത്ത് ഈ ഭാഗത്തു വെള്ളം കെട്ടിനിന്നു വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ റോഡ് തകര്‍ന്നു താഴേയ്ക്കിരിക്കുന്നതാണു തകര്‍ച്ചയ്ക്കു കാരണമായി ജനം പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഇരിങ്ങാലക്കുട സന്ദര്‍ശിച്ചതിനു മുന്നോടിയായി ബൈപാസ് റോഡ് ടാറിംഗ് നടത്തിയിരുന്നെങ്കിലും തകര്‍ന്നുകിടന്നിരുന്ന ഈ ഭാഗത്ത് ടാറിംഗ് നടത്തിയിരുന്നില്ല. യാത്രക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഈ ഭാഗത്തു വലിയ മെറ്റലുകളിട്ടു കുഴികളടയ്ക്കുകയാണു നഗരസഭ ചെയ്തത്. ഈ ഭാഗം ഒഴിവാക്കിയതു സമൂഹികമാധ്യമങ്ങളിലടക്കം ഏറെ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ടാറിംഗ് ഫലപ്രദമല്ലാത്തതിനാല്‍ ടൈലിടുന്നതിനായിട്ടാണു ഈ ഭാഗം ഒഴിവാക്കിയതെന്നാണു നഗരസഭാ അധികൃതര്‍ പറയുന്നത്. നേരത്തെ ഇതിനായി എസ്റ്റിമേറ്റ് എടുത്തെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ടൈലിടാന്‍ കരാറുകാരനെ ഏല്‍പ്പിച്ചിട്ടുണ്ട്. മഴ തുടര്‍ന്നില്ലെങ്കില്‍ ഈ ആഴ്ചതന്നെ നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്നാണു കരുതുന്നത്. അതേസമയം റോഡിന്റെ നിര്‍മാണത്തിലെ അപാകവും മഴ പെയ്തു റോഡില്‍ നിറയുന്ന വെള്ളം ഒഴുകിപ്പോകാന്‍ പാകത്തിനു കാനയില്ലാത്തതുമാണ് ഈ അവസ്ഥയ്ക്കു കാരണമെന്നാണു ജനം ആരോപിക്കുന്നത്. ബൈപാസ് റോഡിനു ഇരുവശത്തും വെള്ളം ഒഴുകിപ്പോകുന്നതിനു കാന നിര്‍മിക്കുമെന്നു കഴിഞ്ഞ ഭരണസമിതി പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടികള്‍ ഉണ്ടായില്ല