ശുചിത്വനഗരം, സുന്ദരനഗരം ലക്ഷ്യമാക്കി മാലിന്യനിര്‍മാര്‍ജനം കര്‍ശനമാക്കി നഗരസഭ
ഹരിതകര്‍മസേന വീടുകളില്‍ നിന്നു വാതില്‍പ്പടി ശേഖരണം നടത്തും
അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കു 5,000 മുതല്‍ 25,000 വരെ പിഴ
ഇരിങ്ങാലക്കുട: ശുചിത്വനഗരം, സുന്ദരനഗരം ലക്ഷ്യമാക്കി മാലിന്യനിര്‍മാര്‍ജനം കര്‍ശനമാക്കി ഇരിങ്ങാലക്കുട നഗരസഭ. ഹരിതകര്‍മസേനയുടെ നേതൃത്വത്തിലാണു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. നഗരസഭാ പരിധിയിലെ വീടുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യങ്ങള്‍ കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നു നഗരസഭാ ആരോഗ്യവിഭാഗം വ്യക്തമാക്കി. മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യുന്നവര്‍ക്കു 5,000 മുതല്‍ 25,000 രൂപ വരെ പിഴയും പ്രോസിക്യൂഷന് നടപടികളും സ്വീകരിക്കും. മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവരെ നിരീക്ഷിക്കാന്‍ 41 വാര്‍ഡുകളിലായി 83 ഹരിത കര്‍മസേന അംഗങ്ങളെ സജ്ജമാക്കി. ഹരിത കര്‍മസേന അംഗങ്ങള്‍ എല്ലാ മാസവും വീടുകളിലും സ്ഥാപനങ്ങളിലുമെത്തി വാതില്‍പ്പടി ശേഖരണം നടത്തും. വീടുകളിലും സ്ഥാപനങ്ങളിലും നിര്‍ബന്ധമായും നഗരസഭ നിശ്ചയിച്ച യൂസേഴ്സ് ഫീസ് നല്കി അജൈവ മാലിന്യങ്ങള്‍ തരം തിരിച്ചു ഹരിതസേനയ്ക്കു നല്‍കണം. നഗരത്തിലെ മുഴുവന്‍ മാലിന്യവും ശാസ്ത്രീയമായി സംസ്കരിച്ചു നാടും നഗരവും തെളിമയോടെ നിര്‍ത്തുകയാണു ലക്ഷ്യം. നഗരസഭ നിശ്ചയിക്കുന്ന ‘യൂസേഴ്സ് ഫീ’ വ്യാപാര സ്ഥാപനങ്ങളും വീടുകളും നല്‍കണം. ‘യൂസേഴ്സ് ഫീ’ കാര്‍ഡ് വിതരണം നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയഗിരി ഹരിതകര്‍മസേനയ്ക്കു കാര്‍ഡ് കൈമാറി ഉദ്ഘാടനം ചെയ്തു. നഗരത്തിലെ മുഴുവന്‍ ജനങ്ങളും ശാസ്ത്രീയ മാലിന്യ സംസ്കരണത്തിലേക്കു മാറുന്നതോടൊപ്പം നാടും നഗരവും തെളിമയോടെ നിലനിര്‍ത്തുന്നതിനും ഇതിലൂടെ സാധിക്കുമെന്നു ചെയര്‍പേഴ്സണ്‍ സോണിയഗിരി പറഞ്ഞു.