ബാരിയര്‍ ഫ്രീ കേരള എന്ന ലക്ഷ്യം ഉടന്‍ കൈവരിക്കും: മന്ത്രി ഡോ., ആര് ബിന്ദു നിപ്മറില്‍ സമര്‍പ്പിച്ചത് 3.25 കോടി രൂപയുടെ പദ്ധതികള്‍
ഇരിങ്ങാലക്കുട: പൊതുയിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പടെ ഭിന്നശേഷി സൗഹൃദമാക്കി ബാരിയര്‍ ഫ്രീ കേരള എന്ന ലക്ഷ്യത്തിലേയ്ക്കു സംസ്ഥാനം അടുക്കുകയാണെന്ന് ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. നിപ്മറില്‍ ആരംഭിച്ച വിവിധ ഗവേഷണ കേന്ദ്രങ്ങളും അനുബന്ധ സംവിധാനങ്ങളുടെയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷി മേഖലയില്‍ രാജ്യത്തിനു മാതൃകയാകുന്ന സംസ്ഥാനം ഒരു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും യുഡിഐഡി കാര്‍ഡ് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അസിസ്റ്റീവ് വില്ലേജുകള്‍ മുഴുവന്‍ ജില്ലകളിലും ആരംഭിക്കുമെന്ന വാഗ്ദാനം ഉടന്‍ പ്രാവര്‍ത്തികമാക്കുമെന്നും മന്ത്രി പറഞ്ഞു. ചൈല്‍ഡ് ഡെവലപ്മെന്റ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, സെറിബ്രല്‍ പാള്‍സി റിസര്‍ച്ച് ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍, ഡാന്‍സ് ആന്‍ഡ് മ്യൂസിക് തീയേറ്റര്‍, എംപവര്‍ ത്രൂ വൊക്കേഷനലൈസേഷന്‍ പദ്ധതി, കോണ്‍ഫറന്‍സ് ഹാള്‍, സൗരോര്‍ജ പാര്‍ക്ക് എന്നിവയാണു നാടിനു സമര്‍പ്പിച്ചത്. 3.25 കോടിയുടെ പദ്ധതികളാണു സമയബന്ധിതമായി പൂര്‍ത്തീകരിച്ചത്. സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയായ കിരണങ്ങള്‍ 2022 എന്ന പേരിലാണ് സമര്‍പ്പണ ചടങ്ങ് സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍, ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ, ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ അസ്ഗര്‍ഷാ, പഞ്ചായത്ത് അംഗം മേരി ഐസക് എന്നിവര്‍ പങ്കെടുത്തു. കെഎസ്എസ്എം എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. എസ്. ചിത്ര ഐഎഎസ്, നിപ്മര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് സി. ചന്ദ്രബാബു എന്നിവര്‍ പ്രസംഗിച്ചു.