കരുവന്നൂര്‍ പുഴയിലെ കിഴുപ്പിള്ളിക്കര മുനയത്തെ താത്കാലിക ബണ്ട് തകര്‍ന്നു
കാട്ടൂര്‍: കുടിവെള്ളസ്രോതസുകളെയും കോള്നിലങ്ങളെയും ഉപ്പുവെള്ള ഭീഷണിയില്‍ നിന്നു സംരക്ഷിക്കുന്ന കരുവന്നൂര്‍ പുഴയിലെ കിഴുപ്പിള്ളിക്കര മുനയത്തെ താത്കാലിക ബണ്ട് തകര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്തമഴയില്‍ പുഴയില്‍ വലിയതോതില്‍ വെള്ളമുയര്ന്നതിനെത്തുടര്ന്നു മുന്നൊരുക്കമില്ലാതെ ഇല്ലിക്കല്‍ റെഗുലേറ്റര്‍ തുറന്നു വെള്ളംവിട്ടതാണു ബണ്ട് തകരാന്‍ കാരണമായത്. വെള്ളം ക്രമീകരിക്കാനുള്ള മുനയം ബണ്ടിലെ പെട്ടിക്കഴയിലെ ചാക്കുകള്‍ മാറ്റി വെള്ളമൊഴുക്ക് സുഗമമാക്കാതെയായിരുന്നു ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്ന് ഇല്ലിക്കല്‍ റെഗുലേറ്റര്‍ തുറന്നത്. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ബണ്ടിന്റെ പടിഞ്ഞാറേ കരയുടെ വലിയൊരു ഭാഗം ഇടിഞ്ഞുവീണു. പുഴ ഗതിമാറിയൊഴുകാന്‍ തുടങ്ങിയതോടെ സമീപത്തെ നാലു വീടുകള്‍ തകര്‍ച്ചഭീഷണിയിലാണ്. മുനയം ബണ്ട് നിര്‍മാണത്തിലെ അപാകവും സമയബന്ധിതമായി മുനയം ബണ്ടിലെ വെള്ളം നിയന്ത്രിക്കാത്തതുമാണു ദുരന്തത്തിനു കാരണമായത്. വേലിയേറ്റത്തില്‍ കുടിവെള്ളസ്രോതസുകളില്‍ ഉപ്പുവെള്ളം കലര്‍ന്നാല്‍ മൂന്നു പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ളം മുട്ടും. ബണ്ട് ബലപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.