കളിവിളക്ക് തെളിഞ്ഞു, കലയുടെ പുതുമുകുളങ്ങള്‍ ഇതള്‍ വിരിഞ്ഞു
117.5ഗ്രാം സ്വര്ണക്കപ്പിനുവേണ്ടിയുള്ള പോരാട്ടം കനത്തു
കുട്ടികളുടെ സര്‍ഗാത്മക കഴിവുകളെ വികസിപ്പിക്കുവാനുതകുന്ന വേദികളാണ് കലോത്സവങ്ങള്‍: മന്ത്രി അഡ്വ.കെ. രാജന്
ഇരിങ്ങാലക്കുട: വളര്‍ന്നുവരുന്ന കുട്ടികളുടെ സര്‍ഗാത്മക കഴിവുകളെ വികസിപ്പിക്കുവാനും മാനവികതയില്‍ ഉറച്ചുനില്‍ക്കുന്ന യുവതലമുറയെ വാര്‍ത്തെടുക്കാനും കഴിയുന്ന ഉത്തമമായ വേദികളാണ് കലോത്സവങ്ങളെന്ന് റവന്യു വകുപ്പ് മന്ത്രി അഡ്വ.കെ. രാജന് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുടയില്‍ നടക്കുന്ന 33 ാമത് തൃശൂര്‍ റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി. മദനമോഹനന്‍ കലോത്സവത്തിന്റെ പതാക ഉയര്‍ത്തി. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടി.എന്‍. പ്രതാപന് എംപി, സനീഷ്കുമാര് ജോസഫ് എംഎല്‍എ, ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍ ഐഎഎസ്, ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, സംഗീത സംവിധായകന് വിദ്യാധരന് മാസ്റ്റര്‍, കൂടിയാട്ട കലാകാരന് അമ്മന്നൂര്‍ കുട്ടന് ചാക്യാര്‍, കഥകളി കലാകാരന് ഡോ. സദനം കൃഷ്ണന്‍കുട്ടി, കൂടിയാട്ട കുലപതി വേണുജി, സിനിമാതാരം ജയരാജ് വാര്യര്‍, ഡിഇഒ എസ്. ഷാജി, പ്രഫ. സാവിത്രി ലക്ഷ്മണന്, കാട്ടിക്കുളം ഭരതന്, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോര്‍ഡിനേറ്റര്‍ വി.എ. കരീം, ലിസി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന്, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ്, ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍, നഗരസഭ കൗണ്‍സിലര്‍ അല്‍ഫോന്‍സ തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി. മദനമോഹനന്‍ സ്വാഗതവും സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ എം.കെ. പ്രസാദ് നന്ദിയും പറഞ്ഞു. അമ്പതോളം അധ്യാപകര്‍ ചേര്‍ന്ന് ആലപിച്ച സ്വാഗതഗാനത്തോടെയും ദൃശാവിഷ്കാരത്തോടെയും കൊരമ്പ് മൃദംഗ കളരിയുടെ നേതൃത്വത്തില്‍ നടന്ന മൃദംഗമേളയോടും കൂടിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.