നിരാലംബയായി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന വയോധികയ്ക്ക് സംരക്ഷണമുറപ്പാക്കി
ഇരിങ്ങാലക്കുട: നിരാലംബയായി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന വയോധികയ്ക്ക് സാമൂഹ്യനീതി വകുപ്പും മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ഇരിങ്ങാലക്കുടയും ചേര്‍ന്ന് സംരക്ഷണമുറപ്പാക്കി. കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി രണ്ടാം വാര്‍ഡില്‍ വാടകയ്ക്ക് കഴിഞ്ഞിരുന്ന അറക്കപ്പറമ്പില്‍ എല്‍സി എന്ന 60 വയസുള്ള വയോധികയെ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജോയ്സി സ്റ്റീഫന്‍, ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ആന്‍ഡ് ആര്‍ഡിഓ എം.കെ. ഷാജി എന്നിവരുടെ നിര്‍ദ്ദേശപ്രകരം കൊടുങ്ങല്ലൂരുള്ള ആശ്രയം അഗതി മന്ദിരത്തിലേക്ക് പുനരധിവസിപ്പിച്ച് സംരക്ഷണം ഉറപ്പാക്കുകയായിരുന്നു. വാടകവീട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന എല്‍സിയ്ക്ക് പ്രമേഹം മൂര്‍ച്ഛിച്ച് കാലില്‍ പഴുപ്പ് ബാധിച്ചിരുന്നു. ആശാവര്‍ക്കറും വാര്‍ഡ് കൗണ്‍സിലര്‍ രശ്മിയും ഐസിഡിഎസ് സൂപ്പര്‍വൈസറും, എല്‍സിയുടെ സുഹൃത്ത് സന്ധ്യയും ചേര്‍ന്ന് ജനുവരിയില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കാലില്‍ സര്‍ജറി നടത്തുകയും മികച്ച ചികിത്സ ലഭ്യമാക്കുകയും ചെയ്തിരുന്നു. കാലിലെ പഴുപ്പ് മൂലം രണ്ടു വിരലുകള്‍ നീക്കം ചെയ്ത വയോധികയ്ക്ക് പരസഹായമില്ലാതെ നടക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. അവിവാഹിതയായ ഇവര്‍ക്ക് ഒരു സാഹോദരനും സഹോദരിയുമുണ്ടെങ്കിലും പരിചരിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. തുടര്‍ ചികിത്സയുമായി ബന്ധപ്പെട്ടു വരുന്ന ചെലവുകള്‍ പരിശോധിച്ച് സാമൂഹ്യനീതി വകുപ്പ് വയോരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജോയ്സി സ്റ്റീഫന്‍ അറിയിച്ചു.