കൗതുകമുണര്‍ത്തി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ കാര്‍ണിവോറസ് സസ്യപ്രദര്‍ശനം

ഇരിങ്ങാലക്കുട: കൗതുകമുണര്‍ത്തി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ കാര്‍ണിവോറസ് സസ്യപ്രദര്‍ശനം. ഇലത്തുമ്പിലിരുന്ന് ഒന്നു വിശ്രമിക്കാമെന്നു കരുതുന്ന കൊച്ചുപ്രാണിയെ നിമിഷനേരം കൊണ്ട് ട്രാപ്പിലാക്കുന്ന ചെടിയാണ് വീനസ് ഫ്ളൈട്രാപ്പ്. കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ ഇരപിടിക്കുന്ന ചെടിയാണിത്. കാര്‍ണിവോറസ് സസ്യങ്ങളില്‍ വമ്പത്തിയായ വീനസ് ഫ്ളൈ ട്രാപ്പിന് പ്രാണിയെ നല്‍കികൊണ്ടാണ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബ്ലെസി ഇരപിടിയന്‍ സസ്യപ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.

സെന്റ് ജോസഫ്സ് കോളജിലെ ബോട്ടണി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഡെവിള്‍സ് കിച്ചണ്‍ എന്ന പേരില്‍ നടത്തിയ കാര്‍ണിവോറസ് അഥവാ ഇരപിടിയന്‍ സസ്യങ്ങളുടെ പ്രദര്‍ശനവേദിയിലാണ് കൗതുകമുണര്‍ത്തുന്ന ഈ ഉദ്ഘാടനം നടന്നത്. ഡ്രോസീറ, നെപെന്തസ്, വീനസ് ഫ്ളൈ ട്രാപ്പ് തുടങ്ങിയ വിവിധയിനം ഇരപിടിയന്‍ സസ്യങ്ങളാണ് പ്രദര്‍ശനത്തിന് ഉണ്ടായിരുന്നത്.

പ്രദര്‍ശനത്തില്‍ താരമായ വീനസ് ഫ്ളൈ ട്രാപ്പ്, ഡ്രോസീറ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നവയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്ന കാര്‍ണിവോറസ് സസ്യങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ബോട്ടണി വിഭാഗം മേധാവിയും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ ഡോ. ആല്‍ഫ്രഡ് ജോ, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ഫ്ളവററ്റ്, ബോട്ടണി അസോസിയേഷന് സെക്രട്ടറി ഏയ്ഞ്ചല്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.