കലാമണ്ഡലം രാമന്‍കുട്ടിനായരുടെ ജന്മശതാബ്ദി ഇരിങ്ങാലക്കുടയില്‍ ആഘോഷിച്ചു

ഇരിങ്ങാലക്കുട: കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ അമരക്കാരനായിരുന്ന പദ്മഭൂഷണ്‍ ഡോ. ഗുരു കലാമണ്ഡലം രാമന്‍കുട്ടിനായരുടെ ജന്മശതാബ്ദി ആഘോഷിച്ചു. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്ണ്ണജൂബിലിയാഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് രാമന്കുട്ടിയാശാന് അനുസ്മരണപരിപാടി ആദരപൂര്‍വ്വം സംഘടിപ്പിച്ചത്.

ശാന്തിനികേതന്‍ പബ്ലിക് സ്കൂള്‍ അങ്കണത്തില്‍ ഒരുക്കിയ ഈ പരിപാടിയില്‍ പി.എം. നാരായണന് അനുസ്മരണപ്രഭാഷണം നടത്തി. തുടര്‍ന്ന് കലാനിലയം ഗോപിക്ക് ശിഷ്യര്‍ നടത്തിയ ഗുരുദക്ഷിണ വീരശൃംഖല സംഘാടകസമിതിയുടെ പങ്കാളിത്തത്തോടെ തോരണയുദ്ധം കഥകളി അരങ്ങേറി. ആശാന്റെ വത്സലശിഷ്യരായ കലാനിലയം ഗോപിയും, കലാമണ്ഡലം സോമനും ഗുരുനാഥന്റെ അനശ്വരവേഷങ്ങളായ വെള്ളത്താടിയും കത്തിയും വേഷങ്ങള്‍ യഥാക്രമം രംഗത്തവതരിപ്പിച്ചു.

ലങ്കാലക്ഷ്മിയായും പ്രഹസ്തനായും കലാമണ്ഡലം അരുണ്‍കുമാര്‍, ലങ്കാശ്രീയായും മണ്ഡോദരിയായും കലാമണ്ഡലം ലക്ഷ്മി ഗോപകുമാര്‍, സീതയായി നര്‍മ്മദ വാസുദേവന്‍, കിങ്കരന്മാരായി കലാനിലയം സൂരജ്, യദുകൃഷ്ണന് എന്നിവര്‍ വേഷങ്ങള്‍ കെട്ടി. സദനം ശിവദാസ്, കലാമണ്ഡലം വിശ്വാസ് എന്നിവര്‍ സംഗീതത്തിലും, കലാമണ്ഡലം ബാലസുന്ദരന്‍, കലാമണ്ഡലം വേണുമോഹന് എന്നിവര്‍ ചെണ്ടയിലും, കലാമണ്ഡലം വേണുഗോപാല്‍, കലാമണ്ഡലം വൈശാഖ് എന്നിവര്‍ മദ്ദളത്തിലും അകമ്പടിയേകി. കലാനിലയം വിഷ്ണു ചുട്ടികുത്തി. ഊരകം നാരായണന് നായര്‍, കലാമണ്ഡലം മനേഷ്, നാരായണന്‍കുട്ടി അണിയറ സഹായികളായി. ഇരിങ്ങാലക്കുട ശ്രീ പാര്‍വ്വതി കലാകേന്ദ്രം ചമയമൊരുക്കി.