പൊതുഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ജനകീയ സദസ് നടത്തി
ഇരിങ്ങാലക്കുട: മണ്ഡലത്തിലെ ഗ്രാമപ്രദേശങ്ങളിലേക്കുള്ള പൊതുഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ജനകീയ സദസ്. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ജനകീയ സദസ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ പഞ്ചായത്തുകളെ ബന്ധപ്പെടുത്തി ഗ്രാമവണ്ടി ഉടന്‍ ആരംഭിക്കുമെന്നും ഇതിനായി 12 ലക്ഷം രൂപ എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ചതായി മന്ത്രി അറിയിച്ചു.
ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി സെന്ററില്‍ നിന്നും വെള്ളാനിക്കോട്, മതിലകം, മെഡിക്കല്‍ കോളജ്, പഴനി, നെടുമ്പാശേരി, ചമ്രവട്ടം വഴി കോഴിക്കോട്, മതിലകത്ത് നിന്നും മെഡിക്കല്‍ കോളജ് എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടെന്നും ഡൈവര്‍മാരുടെ ലഭ്യത അനുസരിച്ച് ആരംഭിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.
ജനകീയ സദസില്‍ പുതിയ റൂട്ടുകളുടെയും ഇരിങ്ങാലക്കുട മേഖലയിലെ ഗതാഗത നവീകരണ ആശയങ്ങളും സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര് ജനപ്രതിനിധികള്‍ പൊതുപ്രവര്‍ത്തകര്‍, റസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍, ബസ് ഓണേഴ്സ് അസോസിയേഷന് അംഗങ്ങള്‍, വ്യപാരി വ്യവസായി അംഗങ്ങള്‍, പൊതുജനങ്ങള്‍ എന്നിവര്‍ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു.
തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ലത ചന്ദ്രന് അധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലുര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, മുരിയാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ആളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ, കാട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത, പൂമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി എന്നിവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട ജോയിന്റ് ആര്‍ടിഒ ബിജു ഐസക്ക് സ്വാഗതവും അസി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്. സുജിത്ത് നന്ദിയും പറഞ്ഞു.