ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മോഹന്‍ അനുസ്മരണം നടത്തി
ഇരിങ്ങാലക്കുട: താരങ്ങള്‍ക്ക് വേണ്ടി സിനിമ നിര്‍മ്മിക്കുന്ന അവസ്ഥ സംജാതമായതോടെ മലയാള സിനിമയുടെ ഭാവുകത്വത്തെ ജനങ്ങളുമായി അടുപ്പിച്ച മധ്യവര്‍ത്തി സിനിമയുടെ മുഖ്യ ശില്പികള്ക്ക് ചലച്ചിത്ര പ്രവര്‍ത്തനത്തില്‍ നിന്നും മാറി നില്‍ക്കേണ്ട അവസ്ഥ വന്നതായി സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ കമല്‍.
ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന മോഹന്‍ അനുസ്മരണ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്മരാജന്, കെ.ജി. ജോര്‍ജ്ജ്, ഭരതന് എന്നിവര്‍ അടങ്ങുന്ന മധ്യവര്‍ത്തി സിനിമയുടെ അവസാന കണ്ണിയായിരുന്നു മോഹനെന്നും തൊണ്ണൂറകള്ക്ക് ശേഷം മോഹന്‍ ചലച്ചിത്രനിര്‍മ്മാണത്തില്‍ സജീവമായിട്ടില്ലെങ്കില് അത് മലയാളസിനിമയുടെ കുറ്റമാണെന്നും സിനിമയുടെ ആസ്വാദന ബോധം ഉള്ളിടത്തോളം കാലം മോഹനും മോഹന്റെ സിനിമകളുടെ മൂല്യവും ഇവിടെ ഉണ്ടാകുമെന്നും കമല്‍ തുടര്‍ന്ന് പറഞ്ഞു.
എസ്എസ് ഹാളില്‍ നടന്ന ചടങ്ങില്‍ ഫിലിം സൊസൈറ്റി പ്രസിഡന്റ് മനീഷ് അരീക്കാട്ട് അധ്യക്ഷത വഹിച്ചു. മോഹനോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ശബ്ദലേഖകന്‍ കൃഷ്ണനുണ്ണി, മാധ്യമപ്രവര്ത്തകന് എം.പി. സുരേന്ദ്രന്, സംവിധായകന് ജിതിന് രാജ്, ഫിലിം സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതന്, സെക്രട്ടറി നവീന്‍ ഭഗീരഥന് എന്നിവര്‍ സംസാരിച്ചു. മോഹന്റെ സ്മരണാര്‍ത്ഥം മികച്ച നവാഗത സംവിധായകന് മോഹന്റെ പേരില്‍ അവാര്‍ഡ് നല്‍കുമെന്ന് ചടങ്ങില്‍ സംഘാടകര്‍ അറിയിച്ചു.