ഇരിങ്ങാലക്കുടയുടെ പ്രിയങ്കരനായ സംവിധായകന് മോഹന്‍
ഫോട്ടോഗ്രഫിയിലെ താത്പര്യം, പിന്നെ സംവിധായകനായി മാറി, ജന്മനാട്ടിലെ കലാകാരന്മാരെ വെള്ളത്തിരയിലെത്തിച്ച സംവിധായകന്
ഇരിങ്ങാലക്കുട: ഇന്നസെന്റ് എന്ന മഹാനടന്റെ കഴിവുകളെ കണ്ടറിഞ്ഞ് അരങ്ങിലെത്തിച്ച സംവിധായകനാണ് മോഹന്‍. മലയാള സിനിമിയിലെ സുവര്‍ണ കാലഘട്ടത്തില്‍ തന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ വ്യക്തിത്വം. ജന്മനാട്ടിലെ കലാകാരന്മാരായ ഇന്നസെന്റിന്റെയും ഇടവേളബാബുവിന്റെയും കലാകഴിവുകളെ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഇരിങ്ങാലക്കുട നാഷ്ണല്‍ സ്കൂളിലാണ് ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പില്‍ മടത്തി വീട്ടില്‍ ഹോട്ടല്‍ ഉടമയായ പരേതരായ നാരായണന്‍നായരുടെയും അധ്യാപികയായ അമ്മുക്കുട്ടി അമ്മയുടെയും മകനാണ്. കഴിഞ്ഞ 30 വര്‍ഷങ്ങളായി എറണാകുളം കസ്തൂര്‍ബാ നഗറിലാണ് താമസം. സ്കൂള്‍ വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ തന്നെ കലാമേഖലയില്‍ നാടകരംഗത്ത് സാന്നിധ്യം തെളിയിച്ചിരുന്നു. അന്നു ഈ സ്കൂളിലെ വിദ്യാര്‍ഥി ആയിരുന്ന ഇന്നസെന്റുമായി സൗഹൃദത്തിലായി. ഇവരൊരുമിച്ച് പല നാടകങ്ങളിലും രംഗത്തെത്തിയിരുന്നു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ മോഹന്‍ മദ്രാസിലെ ജെയ്ന്‍ കോളജില്‍ ബികോം പഠിക്കാന്‍ ചേര്‍ന്നതാണ് സിനിമയിലേക്കുള്ള വഴിയായത്. ക്രൈസ്റ്റ് കോളജിലെ ലോനപ്പന് എന്ന അധ്യാപകന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ഉദയ കൃഷ്ണന്‍കുട്ടിക്കും സ്റ്റില്‍ ഫോട്ടോഗ്രഫര്‍ പി. ഡേവിഡിനും മോഹനെ പരിയപ്പെടുത്തി. അച്ഛന്റെ ഒരു സുഹൃത്തു വഴിയാണ് പ്രശസ്ത സംവിധായകന് എം. കൃഷ്ണന്‍നായരെ പരിചയപ്പെട്ടത്. പഠനവും സിനിമയും ഒന്നിച്ചു കൊണ്ടുപോയ മോഹന്‍ സിനിമയുടെ എല്ലാ മേഖലയിലും പ്രവര്‍ത്തിച്ചു. തിക്കുറിശ്ശി സുകുമാരന്‍ നായര്‍, എ.ബി. രാജ്, മധു, പി. വേണു, ഹരിഹരന് എന്നിവരുടെയെല്ലാം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു.
ഇന്നസെന്റ് എന്ന നാട്ടുകാരനിലെ ചിരിയെ കണ്ടെത്തിയ സംവിധായകന്
ഇരിങ്ങാലക്കുടയില്‍ ഇന്നസെന്റ് മാച്ച് ഫാക്ടറി നടത്തുമ്പോള്‍ ഫോസ്ഫറസ്, പൊട്ടാസ്യം, സള്‍ഫര്‍ എന്നിവയൊക്കെ വാങ്ങാന്‍ ഇടയ്ക്കിടെ ശിവകാശിയില്‍ പോകും. അപ്പോഴെല്ലാം മദിരാശിയിലും ഒന്ന് കറങ്ങും. സംവിധാകനായ മോഹന്റെ അടുത്തൊന്ന് വരും. സിനിമയില്‍ എവിടെയെങ്കിലും വല്ല സാധ്യതയുമുണ്ടോ എന്നന്വേഷിക്കും, തിരികെ പോരും. ഈ പോക്കുവരവുകള്‍ മോഹന്‍ ഇന്നസെന്റിന് ചെറിയ സിനിമയില്‍ അഭിനയക്കുവാന് അവസരം ഒരുക്കി.
മോഹന്റെ സിനിമകളില്‍ ചെറിയ വേഷം ചെയ്തു തുടങ്ങിയ ഇന്നസെന്റ് പിന്നീട് മോഹന്റെ സിനിമകളുടെ നിര്‍മ്മാതാവായി മാറി. 1981 സെപ്റ്റംബര്‍ പത്തിന് പുറത്തിറങ്ങിയ വിടപറയും മുമ്പേ എന്ന സിനിമയും 1982 ജനുവരി 22 ന് പുറത്തിറങ്ങിയ ഇളക്കങ്ങള്‍ എന്ന സിനിമയുടെ നിര്‍മാതാവ് ഇന്നസെന്റും മോഹന്‍ സംവിധായകനുമാണ്. എണ്‍പതുകളില്‍ മലയാള സിനിമയെ നവഭാവുകത്വത്തിലേക്കു വഴികാട്ടിയ സംവിധായകരില്‍ പ്രധാനിയാണ് എം. മോഹന്‍.
വിടപറയും മുമ്പേയിലൂടെയാണ് നെടുമുടി വേണു ആദ്യമായി നായകനായത്. മോഹന്‍ സംവിധാനം ചെയ്ത 1982 മെയ് ഏഴിനു പുറത്തിറങ്ങിയ ഇടവേള എന്ന ചിത്രത്തിലൂടെയാണ് ഇടവേള ബാബുവിന്റെ അരങ്ങേറ്റം. കലാപരമായും വാണിജ്യപരമായും ഏറെ മുന്നില്‍നിന്ന സിനിമകളായിരുന്നു മോഹന്റേത്. പുതിയ കഥാപശ്ചാത്തലവും അതിനു ചേര്‍ന്ന അഭിനേതാക്കളും നവീന ദൃശ്യചാരുതയും മോഹന്റെ സിനിമകളുടെ പ്രത്യേകതകളായിരുന്നു.
മികച്ച താരങ്ങളെ ചലച്ചിത്ര മേഖലയിലേയ്ക്ക് കൊണ്ടുവരാന്‍ സഹായകമായ സംവിധായകനാണ് മോഹന്‍. അതില്‍ തന്നെ എടുത്തുപറയേണ്ട ആളാണ് ഇന്നസെന്റ്. ഇന്നസെന്റ് സിനിമയിലേയ്ക്ക് എത്തിപ്പെടാനുള്ള വഴിതുറന്നത് സംവിധായകന് മോഹന്‍ ആണ്. വാണിജ്യമാണെങ്കിലും ആര്ട്ടാണെ്കിലും എല്ലാം ഇഴചേര്ത്തിട്ട് സംഗീതത്തിനാണെങ്കിലും കഥക്കാണെങ്കിലും ഒരു പിരിമുറുക്കമുള്ള കഥയാണെങ്കിലും എല്ലാം ഒത്തുചേര്‍ന്നിട്ടുള്ള ചലച്ചിത്രങ്ങളായിരുന്നു മോഹന്റേതായി വന്നിരുന്നത്.
സ്വകാര്യ ചാനല്‍ സംപ്രേഷണം ചെയ്ത ഇന്നസെന്റ് കഥകള്‍ എന്ന ടെലിഫിലിമിന്റെ സംവിധായകന് മോഹനായിരുന്നു. ഇരിങ്ങാലക്കുടക്കാര്‍ മാത്രമായിരുന്നു ഇതിന്റെ എല്ലാ രംഗത്തും പ്രവര്‍ത്തിച്ചത്. ഇന്നസെന്റ് എന്ന കഥാപാത്രത്തെ പ്രശസ്തമാക്കിയതില് പ്രധാനിയാണ് ഈ സംവിധായകന്. ഈ ടെലിഫിലിമിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത് ഇരിങ്ങാലക്കുടക്കാരനായ പി.കെ. ഭരതന് മാസ്റ്ററും നിര്‍മാതാവ് അക്ബറുമായിരുന്നു. 26 ആഴ്ചകളിലായിട്ടായിരുന്നു ഈ ടെലിഫിലിം സംപ്രേഷണം നടത്തിയത്.
അവസാനമായി ജന്മനാട്ടിലെത്തിയത് താന്‍ പ്രോത്സാഹിപ്പിച്ച ഇന്നസെന്റിന്റെ അനുസ്മരണ ചടങ്ങിലും ഗുരുനാഥന് രാമനാഥന്റെ സ്മരണക്കും
അവസാനമായി ഇരിങ്ങാലക്കുടയിലെത്തിയത് താന്‍ വളര്‍ത്തിയെടുത്ത ഇന്നസെന്റിന്റെ അനുസ്മരണ പൊതുചടങ്ങില്‍ പങ്കെടുക്കുവാനാണ്. 2023 മാര്‍ച്ച് 23 ന് ഓര്മ ഹാളില്‍ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഈ ചടങ്ങില്‍ മുഖ്യപ്രഭാഷകനായിരുന്നു അദ്ദേഹം.
രഷ്ട്രീയ പ്രവര്‍ത്തകനായും പലചരക്ക് കടക്കാരനായും തീപ്പെട്ടി കമ്പനി ഉടമയായും നിറഞ്ഞ് ആടിയ ഇന്നസെന്റിന്റെ അവസാനത്തെ തട്ടകമായിരുന്നു സിനിമ എന്ന് അദ്ദേഹം ഇന്നസെന്റിനെ കുറിച്ച് പറഞ്ഞിരുന്നു. പിന്നീട് തന്റെ ഗുരുനാഥന് നാഷണന്‍ സ്കൂളിലെ മുന്‍ ആധ്യാപകന് കെ.വി. രാമനാഥന് മാസ്റ്ററുടെ വിയോഗത്തെ തുടര്‍ന്ന് വീട്ടിലും സന്ദര്‍ശനം നടത്തിയിരുന്നു. 2023 മെയ് 10 നാണ് തിരുവനന്തപുരത്തു നടന്ന ചടങ്ങിനിടെ കുഴഞ്ഞുവീണത്.