ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി അവധിക്കാലയാത്ര വീണ്ടും; ബുക്കിംഗ് തുടങ്ങി
മലക്കപ്പാറ, വാഗമണ്‍, മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് സെപ്റ്റംബര്‍ ഒന്‍പതിനും പഞ്ചപാണ്ഡവ ക്ഷേത്രത്തിലേക്ക് പത്തിനുമാണ് ഓരോ ബസുകള്‍ സര്‍വീസ് നടത്തുന്നത്
ഇരിങ്ങാലക്കുട: ജീവനക്കാരുടെ കുറവുമൂലം നിര്‍ത്തിയ കെഎസ്ആര്‍ടിസി ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് സെന്ററില്‍നിന്നുള്ള അവധിക്കാല ഉല്ലാസയാത്രകള്‍ പുനരാരംഭിക്കുന്നു. ഓണാവധി മുന്നില്‍ക്കണ്ടാണ് മലക്കപ്പാറ, വാഗമണ്‍, മൂന്നാര്‍, പഞ്ചപാണ്ഡവക്ഷേത്രം എന്നിവിടങ്ങളിലേക്ക് പൊതു അവധി ദിവസങ്ങളില്‍ ഉല്ലാസയാത്രകള്‍ ആരംഭിക്കുന്നത്.
മലക്കപ്പാറ, വാഗമണ്‍, മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് സെപ്റ്റംബര്‍ ഒന്‍പതിനും പഞ്ചപാണ്ഡവ ക്ഷേത്രത്തിലേക്ക് പത്തിനുമാണ് ഓരോ ബസുകള്‍ സര്‍വീസ് നടത്തുന്നത്. മറ്റ് സര്‍വീസുകളെ ബാധിക്കാത്ത രീതിയില്‍ നിലവിലുള്ള ജീവനക്കാരുടെ ഡ്യൂട്ടി ഓഫും അധികമായി വരുന്ന ബസുകളും പ്രയോജനപ്പെടുത്തിയാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്.
ഇരിങ്ങാലക്കുടയില്‍നിന്ന് രാവിലെ 3.30ന് പുറപ്പെട്ട് രാത്രി 10ന് തിരിച്ചെത്തുന്ന തരത്തിലാണ് മൂന്നാര്‍ യാത്ര ഒരുക്കുന്നത്. ചാലക്കുടി വഴി കോതമംഗലം, ഭൂതത്താന്‍കെട്ട്, തൂക്കുപാലം, തട്ടേക്കാട്, കുട്ടംപുഴ, പൂയംകുട്ടി, മാമലക്കണ്ടം, പിയപ്പാറ, വാളറ, പീച്ച് വെള്ളച്ചാട്ടങ്ങള്‍, ലക്ഷ്മി എസ്റ്റേറ്റ്, മാങ്കുളം, പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടം, അണ്ണാകുളം, കല്ലാര്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ചുവരുന്ന രീതിയിലാണ് യാത്ര. ഭക്ഷണമടക്കം 1020 രൂപയാണ് നിരക്ക്.
ഇരിങ്ങാലക്കുടയില്‍നിന്ന് പുലര്‍ച്ചെ 5.30 ന് പുറപ്പെടുന്ന വാഗമണ്‍ യാത്ര രാത്രി 11ന് തിരിച്ചെത്തും. ആയിരം രൂപയാണ് ഒരാള്‍ക്ക് ചാര്‍ജ്. മലക്കപ്പാറയിലേക്ക് രാവിലെ ഏഴിന് പുറപ്പെടുന്ന ബസ് വൈകീട്ട് ഏഴിന് തിരിച്ചെത്തും. 570 രൂപയാണ് ഒരാള്‍ക്ക് ചാര്‍ജ്. ഇരിങ്ങാലക്കുടയില്‍നിന്ന് രാവിലെ 3.30ന് പുറപ്പെടുന്ന പഞ്ചപാണ്ഡവക്ഷേത്രത്തിലേക്കുള്ള ഉല്ലാസയാത്ര ചെങ്ങന്നൂര്‍, ചങ്ങനാശേരി താലൂക്കുകളിലായി സ്ഥിതി ചെയ്യുന്ന തൃച്ചിറ്റാറ്റ്, പുലിയൂര്, ആറന്മുള, തിരുവന്‍വണ്ടൂര്‍, തൃക്കൊടിത്താനം എന്നീ പാണ്ഡവക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും.
ആറന്മുള വള്ളസദ്യയിലെ ചടങ്ങുകള്‍ കാണുന്നതിനും 44 വിഭവങ്ങള്‍ ഉള്‍പ്പെടുന്ന സദ്യയിലും തീര്‍ഥാടകര്‍ക്ക് പങ്കെടുക്കാം. ആറന്മുളക്കണ്ണാടിയുടെ നിര്‍മാണം നേരില്‍ കാണുന്നതിനും വാങ്ങുന്നതിനുമുള്ള സൗകര്യവും യാത്രയില്‍ ഒരുക്കിയിട്ടുണ്ട്. രാത്രി 11ന് ഇരിങ്ങാലക്കുടയില്‍ തിരിച്ചെത്തും. 1350 രൂപയാണ് ഒരാള്‍ക്ക് ടിക്കറ്റ് നിരക്ക്. അഞ്ച് വയസിനു മുകളിലുള്ള എല്ലാവര്ക്കും ഫുള്‍ ടിക്കറ്റ് വേണം. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 0480 2823990, 97454 59385.