ബാറ്ററി എനര്‍ജി സ്റ്റോറേജ് സംവിധാനത്തിനുള്ള സാദ്ധ്യതാപഠനം നടത്തി ക്രൈസ്റ്റ് എന്‍ജി. കോളജ്
ഇരിങ്ങാലക്കുട: പെരിഞ്ഞനം ഗ്രാമപ്പഞ്ചായത്തിലെ പുരപ്പുറ സൗരോര്‍ജ പ്ലാന്റുകളെ സംയോജിപ്പിച്ച് കേന്ദ്രീകൃത ഊര്‍ജ സംഭരണം ലക്ഷ്യമിടുന്ന ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം (ബെസ്) രൂപകല്‍പ്പന ചെയ്യുന്നതിന് സാങ്കേതിക, സാമ്പത്തിക സാധ്യതാ പഠനവുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് വിഭാഗം. ബംഗളൂരു കേന്ദ്രമാക്കി പുനരുപയോഗ ഊര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അസര്‍ സോഷ്യല്‍ ഇംപാക്ട് അഡ്വൈസേഴ്സ് എന്ന എന്‍ജിഒ യുടെ സഹകരണത്തോടെ കെഎസ്ഇബിക്ക് വേണ്ടിയാണ് പഠനം.
നിലവില്‍ ആകെ മൂന്ന് മെഗാ വാട്ട് സഞ്ചിത ശേഷിയില്‍ അഞ്ഞൂറിലേറെ പുരപ്പുറ സൗരോര്‍ജ പ്ലാന്റുകള്‍ പെരിഞ്ഞനത്ത് നിലവിലുണ്ട്. ബാറ്ററി സംവിധാനം നിലവില്‍ വന്നാല്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പീക് ലോഡ് സമയങ്ങളില്‍ കൂടിയ വിലയ്ക്ക് വൈദ്യുതി വില്ക്കാന് കഴിയും. സര്‍വേക്ക് മുന്നോടിയായി പ്രൊഫ. ശശി കോട്ടയില്‍, ഡോ. ജയരാമന് ചിറയില്‍, ഹരി സുബീഷ്കുമാര്‍ എന്നിവര്‍ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്കി.
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ഔട്ട്റീച്ച് ആന്‍ഡ് പ്രഫഷണല്‍ ഡെവലപ്മെന്റ് ഡയറക്ടര്‍ ഡോ. സുധ ബാലഗോപാലന്റെ മേല്‍നോട്ടത്തില്‍ നടന്ന പഠനത്തിന് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഡോ. എ.എന്‍. രവിശങ്കര്‍, അസിസ്റ്റന്റ് പ്രഫസര്‍ കെ.കെ. ബെന്നി എന്നിവര്‍ നേതൃത്വം നല്കി. അന്‍പതോളം വിദ്യാര്‍ഥികള്‍ സര്‍വേയില്‍ പങ്കാളികളായി.
കോളജില്‍ നടന്ന ചടങ്ങില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ സര്‍വേ റിപ്പോര്‍ട്ട് അസര്‍ പ്രതിനിധികള്‍ക്ക് കൈമാറി. പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍, അക്കാദമിക് ഡയറക്ടര്‍ ഡോ. മനോജ് ജോര്‍ജ് എന്നിവര്‍ സന്നിഹിതരായിരുന്നു.