ഇരിങ്ങാലക്കുടക്കു ഏറെ അഭിമാനം; തൃശൂര്‍ സബ്ബ് കളക്ടര്‍ അഖില്‍ വി. മേനോന്
സിവില്‍ സര്‍വീസ് പരീക്ഷയില്‍ 66-ാം റാങ്കും കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്കും എല്‍എല്‍ബിക്ക് രണ്ടാം റാങ്കും നേടിയിരുന്നു
മുന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സി. ഭാനുമതി ടീച്ചറുടെ പേരക്കുട്ടിയാണ് അഖില്‍
ഇരിങ്ങാലക്കുട: സന്തോഷം, എല്ലാം ഭംഗിയാക്കി തീര്‍ക്കുമെന്നു പ്രതീക്ഷ, സബ്ബ് കളക്ടറായി നിയമനം ലഭിച്ച അഖില്‍ വി. മേനോന്റെ അമ്മയായ ബിന്ദു ടീച്ചറുടെ വാക്കുകളാണിത്. മകന്റെ പുതിയ നിയമനത്തില്‍ അതിയായ സന്തോമുണ്ട്. സിവില്‍ സര്‍വ്വീസ് എന്നും മകന് ഇഷ്ടമാണ്. ഈ ജോലി സ്വന്തം നാട്ടില്‍ ഭാഗിയായി ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടീച്ചര്‍ കൂട്ടിചേര്‍ത്തു. ഇരിങ്ങാലക്കുടക്കാരന് ജില്ലയുടെ സബ്ബ് കളക്ടറായി നിയമിതമായതില് ഏറെ അഭിമാനത്തിലാണ് നാട്ടുക്കാര്. പ്രവാസിയായിരുന്ന ഇരിങ്ങാലക്കുട കാരുകുളങ്ങര മണ്ണാത്തിക്കുളം റോഡില്‍ ഗോവിന്ദ് നിവാസില്‍ വിപിന്‍ മേനോന്റെയും ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹിന്ദി റിട്ടയേര്‍ഡ് അധ്യാപിക ബിന്ദുവിന്റെയും മകനാണ്.
ഒന്നാം ക്ലാസു മുതല്‍ പ്ലസ്ടു വരെ നടവരമ്പ് ഭാരതീയ വിദ്യാഭവന്സിലും തുടര്‍ന്ന് കൊച്ചിയിലെ ദേശീയ നിയമ സര്‍വകലാശാല (നുവാസ്) യില്‍ നിന്നും നിയമബിരുദം നേടിയ ശേഷം തിരുവനന്തപുരം ഫോര്‍ച്യൂന്‍ അക്കാദമിയില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതുവാനുള്ള പരിശീലനം നേടുകയായിരുന്നു. അഖിലിന്റെ നേട്ടം കഠിനാധ്വാനത്തിന്റെ ഫലമാണ്. ഹൈസ്കൂള്‍ കാലം മുതലുള്ള മോഹസാഫല്യമാണ് സിവില്‍ സര്‍വ്വീസ്. പ്രസംഗം, നിമിഷ പ്രസംഗം ഇവയില്‍ മിടുക്കനായിരുന്നു അഖില്‍. ഇരിങ്ങാലക്കുട നടവരമ്പ് ഭാരതീയ വിദ്യാഭവനില്‍ പഠിക്കുമ്പോഴേ ഇംഗ്ലിഷ്, മലയാളം പ്രസംഗത്തിനു വേദിയില്‍ കയറിത്തുടങ്ങി.
ബിഎ എല്‍എല്‍ബിക്ക് നാഷണല്‍ യൂണിവേഴ്സിറ്റി ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് കളമശേരിയില്‍ പഠിച്ച് രണ്ടാം റാങ്ക് നേടി. അന്ന് സര്‍വകലാശാലാ പ്രതിഭയായി. അറിവു നേടാനുള്ള ഈ അതിയായ ആഗ്രഹമാണ് സിവില്‍ സര്‍വീസ് എന്ന മോഹമുണ്ടാക്കിയത്. 2022 ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 66-ാം റാങ്കാണ് അഖില്‍ വി. മേനോന് നേടിയത്. 2021 ല്‍ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടിയിരുന്നു.
കൊച്ചി സര്‍വകലാശാലയില്‍ നിന്നും നിയമ പരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയിരുന്ന അഖില്‍ കലോത്സവത്തില്‍ കലാപ്രതിഭയുമായിരുന്നു. മുന്‍ നഗരഭാ ചെയര്‍പേഴ്സണ്‍ സി. ഭാനുമതി ടീച്ചറുടെ പേരക്കുട്ടിയാണ് അഖില്‍. സി. ഭാനുമതി ടീച്ചര്‍ അഖിലിന്റെ മാതാപിതാക്കളോടൊപ്പമാണ് താമസം. സൗത്ത് ഇന്ത്യന്‍ ബാങ്ക് ചാലക്കുടി ബ്രാഞ്ച് മാനേജര്‍ അശ്വതി സഹോദരിയാണ്. തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടറായി സേവനം ചെയ്യുമ്പോഴാണ് പുതിയ നിയമനം ലഭിച്ചത്. ഡല്‍ഹിയില്‍ പരിശീലനത്തിലുള്ള അഖില്‍ രണ്ടു ദിവസത്തിനകം നാട്ടിലെത്തും.