സ്പോര്‍ട്സ് മോസ്ക്വിറ്റ് മത്സരത്തിന്റെ ലോഗോ പ്രകാശനവും റൂള്‍ ബുക്ക് പ്രകാശനവും
ഇരിങ്ങാലക്കുട: വേളൂക്കര ഗ്രാമപ്പഞ്ചായത്തും വേളൂക്കര കുടുംബാരോഗ്യ കേന്ദ്രവും ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന സ്പോര്‍ട്സ് മോസ് ക്വിറ്റ് മത്സരത്തിന്റെ ലോഗോ പ്രകാശനവും റൂള്‍ ബുക്ക് പ്രകാശനവും വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തി. ലോക കൊതുക ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിലാണ് കൊതുകിന്റെ ഉറവിട നശീകരണ മത്സരമായ സ്പോര്‍ട്സ് മോസ് ക്വിറ്റ് പഞ്ചായത്ത് തല ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോയും റോള്‍ ബുക്കും പ്രകാശനം ചെയ്തത്.
ലോഗോ പ്രകാശനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെന്‍സി ബിജു, ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ് പ്രസിഡന്റ് ഷാജു ജോര്‍ജുമായി ചേര്‍ന്ന് നിര്‍വഹിച്ചു. റൂള്‍ബുക്ക് പ്രകാശനം ആരോഗ്യം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എം. ഗവരോഷ് നിര്‍വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.യു. രാജേഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി. പ്രസാദ് എന്നിവര്‍ സംസാരിച്ചു. സ്പോര്‍ട്സ് മോസ് ക്വിറ്റ് മത്സരങ്ങള്‍ വിവിധ വാര്‍ഡുകളിലായി ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ ഒന്നു വരെ നടത്തും.
വേളൂക്കര പഞ്ചായത്തില്‍ താമസിക്കുകയോ പഠിക്കുകയോ ചെയ്യുന്ന 10 വയസിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും മത്സരത്തില്‍ പങ്കാളികളാകാം. മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷനു വേണ്ടി വാര്‍ഡ് മെമ്പര്‍, ആശാപ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെ സമീപിക്കേണ്ടതാണ്. വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലും ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമുകള്‍ക്ക് ആകര്‍ഷകമായ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി നല്‍കും.