സി.ആര്. കേശവന് വൈദ്യരുടെ നൂറ്റി ഇരുപതാം ജന്മദിനം ആഘോഷിച്ചു
ഇരിങ്ങാലക്കുട: ശ്രീനാരായണ ധര്‍മ്മപ്രചാരകനും നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കും നേതൃത്വം നല്കിയ സാംസ്കാരിക നായകനും വ്യവസായ പ്രമുഖനുമായിരുന്ന സി.ആര്. കേശവന് വൈദ്യരുടെ നൂറ്റി ഇരുപതാം ജന്മദിനവും എസ്എന്‍ ചന്ദ്രിക എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ 60ാം സ്ഥാപക ദിനവും ഇരിങ്ങാലക്കുട എസ്എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വച്ച് നടന്നു.
ആലുവ അദ്വൈതാശ്രമം മഠാധിപതി ബ്രഹ്മശ്രീ ധര്‍മ്മ ചൈതന്യാനന്ദസ്വാമികള് അധ്യക്ഷത വഹിച്ചു. പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും ശാസ്ത്രജ്ഞനും ചലച്ചിത്രകാരനുമായ സി. രാധാകൃഷ്ണന് അനുസ്മരണ പ്രഭാഷണം നടത്തി. തന്റെ വൈദ്യ ശാസ്ത്ര പരമായ അറിവിന്റെ ഒരു ഉല്‍പ്പന്നം നാട്ടില്‍ ഉപയോ ഗപ്പെടുത്താന്‍ വേണ്ടി പരിശ്രമിച്ചു. അതില്‍ നിന്നുണ്ടായ ആദായം ഗുരുദര്‍ശനത്തിന്റെ പ്രചാരണത്തിനു വേണ്ടി മുഴുവനായി ഉപയോഗിച്ചു വെന്നും അദ്ദേഹം അഭിപ്രാ യപ്പെട്ടു.
പള്‍മണോളജിസ്റ്റും പ്രശസ്ത സാഹിത്യകാരനുമായ ഡോ. പി. സജീവ് കുമാര്‍ സ്മാരക പ്രഭാഷണം നടത്തി. എസ്എന്‍ ചന്ദ്രിക എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്മാന് ഡോ. സി.കെ. രവി സ്വാഗതം ആശംസിച്ചു. എസ്എന്‍ടിടിഐ റിട്ട. പ്രിന്‍സിപ്പല്‍ ബീന ബാലന്, എസ്എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ കറസ്പോണ്ടന്റ് മാനേജര്‍ പി.കെ. ഭരതന് മാസ്റ്റര്‍ എന്നിവര്‍ ചടങ്ങില്‍ വൈദ്യരെക്കുറിച്ചുള്ള തങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെച്ചു.
ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനിയായ വിഭ സുനില്‍ കവിത ആലപിച്ചു. സ്ഥാപകദിനത്തോടനുബന്ധിച്ച് നടത്തിയ ശ്രീനാരായണ ജയന്തി സാഹിത്യ ക്വിസ് മത്സരങ്ങളില്‍ വിജയികളായ തനൂജ കൈലാസ്, ശ്രീഹരി ഷോണ്‍, ആത്മിക പി. സനില്‍, മുഹമ്മദ് ഷിഫാന്, ശിവപ്രിയ എന്നിവര്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടന്നു. സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.സി. അജിത നന്ദി രേഖപ്പെടുത്തി.
വൈദ്യര് സ്ഥാപിച്ച ചന്ദ്രിക എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ കീഴിലുള്ള എസ്എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, എസ്എന്‍ടിടിഐ, എസ്എന്‍ ഹൈസ്കൂള്‍, എസ്എന്‍ എല്‍പി സ്കൂള്‍, എസ്എന്‍ പബ്ലിക് ലൈബ്രറി എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍, ജീവനക്കാര്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍, പിടിഎ അംഗങ്ങള്‍ മുതലായവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.