ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും, ശ്രദ്ധേയമായി കന്നട ചിത്രം കോളി എസ്റു
ഇരിങ്ങാലക്കുട: ഗാര്ഹികപീഡനങ്ങളെയും യാഥാസ്ഥിതിക സാഹചര്യങ്ങളെയും വെല്ലുവിളിച്ച് മകള്‍ക്കൊപ്പം ഭര്‍തൃഗൃഹത്തില്‍നിന്ന് ഇറങ്ങിപ്പോകുന്ന സ്ത്രീയുടെ അതിജീവനത്തിന്റെ കഥപറഞ്ഞ കന്നട ചിത്രം കോളി എസ്റു ഇരിങ്ങാലക്കുട ചലച്ചിത്രമേളയില്‍ ശ്രദ്ധേയമായി. ചമ്പ ഷെട്ടിയാണ് ചിത്രം സംവിധാനം ചെയ്തത്. മഹാനന്ദ, കോളി എസ്റു, ഗേള്‍ പിക്ചര്‍ എന്നീ സ്ത്രീപക്ഷ സിനിമകള്‍ വനിതാദിനത്തില്‍ പ്രദര്‍ശിപ്പിച്ചു. ചമ്പാ ഷെട്ടിയെ കേരള സംഗീത നാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവും കലാനിരൂപകയുമായ രേണു രാമനാഥ് ആദരിച്ചു. ചിത്രത്തിന്റെ നിര്‍മാതാക്കളായ ഗീത സുര്ത്ത്കാല്, വേണു ഹെണ്ണിയൂര്, രാധാകൃഷ്ണന് ഊരാള, സെയ്ന്റ് ജോസഫ്സ് കോളജ് യൂണിയന് ചെയര്‍പേഴ്സണ്‍ പി.എച്ച്. രഞ്ജന, ക്രൈസ്റ്റ് കോളജ് കൊട്ടക ഫിലിം ക്ലബ് മെമ്പര്‍ ഫായിസ ഇഖ്ബാല്‍ എന്നിവര്‍ പങ്കെടുത്തു.