തളിയക്കോണം ബാപ്പുജി സ്റ്റേഡിയം വികസനം; പുനരാരംഭിക്കല്‍ വൈകുന്നു
കരുവന്നൂര്‍: തളിയക്കോണം സ്റ്റേഡിയം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഇരിങ്ങാലക്കുട നഗരസഭ പുതിയ ധാരണാപത്രം സമര്‍പ്പിച്ചു. തളിയക്കോണം സ്റ്റേഡിയം എന്നതിനൊപ്പം ബാപ്പുജി എന്നുകൂടി ചേര്‍ക്കാന്‍ സ്പോര്‍ട്സ് ഫൗണ്ടേഷന് അനുവദിച്ചതനുസരിച്ചാണ് നഗരസഭ പുതിയ ധാരണാപത്രം സമര്‍പ്പിച്ചത്. അനുമതി ലഭിച്ചാതോടെ ഉടന്‍ പണികള്‍ ആരംഭിക്കുന്നതിനുവേണ്ട സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. ഈയാഴ്ച പണികള്‍ ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഉദ്ഘാടന ചടങ്ങ് നടത്താതെ പണികള്‍ ആരംഭിക്കേണ്ടതില്ലെന്ന ചിലരുടെ വാശിയാണ് ഇപ്പോള്‍ നിര്‍മാണം നീണ്ടു പോകുന്നതിനു പിന്നിലെന്ന് കൗണ്‍സിലര്‍ ടി.കെ. ഷാജു പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭയിലെ ഏറ്റവും വലിയ മൈതാനമാണ് ബാപ്പുജി സ്റ്റേഡിയം. രണ്ടേക്കര്‍ ആറ് സെന്റ് സ്ഥലത്താണ് മൈതാനം സ്ഥിതിചെയ്യുന്നത്. സ്റ്റേഡിയത്തിന്റെ പിറകുവശത്ത് 4.5 മീറ്റര്‍ ഉയരത്തിലും അരികിലും സംരക്ഷണഭിത്തി, മഡ്കോര്ട്ട് എന്നിവയാണ് ഒരുകോടി രൂപ ചെലവഴിച്ച് സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് നടത്തുന്നത്. ഇതിനായി ജില്ലാ കായികവിഭാഗം സര്‍വേ നടത്തി സമഗ്രപദ്ധതി തയ്യാറാക്കിയിരുന്നു. എന്നാല്‍, നേരത്തേ നഗരസഭ നല്കിയ ധാരണാപത്രം സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് നിരാകരിച്ചതോടെ ഫെബ്രുവരി ആദ്യവാരം തുടങ്ങേണ്ട പണികള്‍ വൈകി. നഗരസഭയുടെ ഉടമസ്ഥതയിലുള്ള മൈതാനങ്ങളിലും മറ്റും പരിപാടി നടത്തുന്നതിന് കൗണ്‍സില്‍ അനുമതി ആവശ്യമാണെന്നും തളിയക്കോണം സ്റ്റേഡിയം എന്നത് ബാപ്പുജി സ്മാരക സ്റ്റേഡിയമെന്ന് ചേര്‍ക്കണമെന്നുമുള്ള ഇരിങ്ങാലക്കുട നഗരസഭാ നിര്‍ദേശങ്ങളാണ് സ്പോര്‍ട്സ് ഫൗണ്ടേഷന് നിരാകരിച്ചത്. സ്പോര്‍ട്സ് ഫൗണ്ടേഷനുമായി നഗരസഭ ചര്‍ച്ച നടത്തിയാണ് പുതിയ ധാരണാപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം, മാര്‍ച്ച് 31നകം പകുതി തുകയെങ്കിലും ചെലവഴിച്ചില്ലെങ്കില്‍ പണം ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും അതിനാല്‍ എത്രയും വേഗം പണി പൂര്‍ത്തിയാക്കണമെന്നും വാര്‍ഡ് കൗണ്‍സിലര്‍ ടി.കെ. ഷാജു ആവശ്യപ്പെട്ടു.