നോവലിസ്റ്റും ബാലസാഹിത്യകാരനുമായ കെ.വി. രാമനാഥന് മാസ്റ്ററുടെ സംസ്കാരം ഇന്ന്
ഇരിങ്ങാലക്കുട: അന്തരിച്ച എഴുത്തുകാരനും നോവലിസ്റ്റും ബാലസാഹിത്യകാരനുമായ കെ.വി. രാമനാഥന് മാസ്റ്ററുടെ (91) സംസ്കാരം ഇന്നു നടക്കും. കൂടല്‍മാണിക്യം ക്ഷേത്രത്തിനു സമീപമാണ് താമസം ഇന്നലെ രാത്രി 11 മണിക്ക് തൃശൂരിലെ സ്വകാര്യ ആശുപത്രയില്‍ വച്ചായിരുന്നു അന്ത്യം. 1932 ഓഗസ്റ്റ് 29ന് തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ ജനനം. അച്ഛന് കിഴക്കേവളപ്പില്‍ മണമ്മല്‍ ശങ്കരമേനോന്, അമ്മ കൊച്ചുകുട്ടിയമ്മ എന്നിവരാണ് മതാപിതക്കള്‍. ഇരിങ്ങാലക്കുട ഗവ. ബോയ്സ് ഹൈസ്കൂള്‍, എറണാകുളം മഹാരാജാസ് കോളജ്, തൃശൂര്‍ ഗവ. ട്രെയിനിംഗ് കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കേരള ബാലസാഹിത്യ അക്കാദമി പ്രസിഡന്റ്, കേരള ചില്‍ഡ്രന്‍സ് ബുക്ക്ട്രസ്റ്റിന്റെ ഓണറി മെംബര്‍, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭരണസമിതി അംഗം, ഡല്‍ഹിയിലെ എഡബ്ല്യുഐസി അംഗം എന്നീ നിലകളില്‍ സേവനം. ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്ക്കൂളില്‍ ഹെഡ്മാസ്റ്ററായിരിക്കെ വിരമിച്ചു. നാഷണല്‍ ഹൈസ്കൂളില്‍ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചു. ദീര്‍ഘകാലം
ഇരിങ്ങാലക്കുട മഹാത്മ ലൈബ്രറി പ്രസിഡന്റായിരുന്നു. പ്രമുഖ ചലച്ചിത്ര പിന്നണിഗായകന്‍ പി. ജയചന്ദ്രന്, കാന്‍സര്‍ വിദഗ്ധന്‍ ഡോ. ഗംഗാധരന്, മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. രാധാകൃഷ്ണന്, സിനിമാനടന് ഇന്നസെന്റ് തുടങ്ങിയവര്‍ ശിഷ്യന്മാരായിരുന്നു. പുരസ്കാരങ്ങള്‍: എസ്പിസിഎസ് പുരസ്ക്കാരം, സമസ്ത കേരള സാഹിത്യ പരിഷത്ത് ചെറുകഥാ മത്സരം ഒന്നാം സമ്മാനം, കൈരളി ചില്‍ഡ്രന്‍സ് ബുക്ക്ട്രസ്റ്റ് അവാര്‍ഡ്, ഭീമ സ്മാരക അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്. കൃതികള്‍: പ്രവാഹങ്ങള്‍, ചുവന്ന സന്ധ്യ (നോവല്‍), രാഗവും താളവും, കര്‍മ്മകാണ്ഡം (കഥകള്‍), മുന്തിരിക്കുല, സ്വര്‍ണത്തിന്റെ ചിരി, കുട്ടികളുടെ ശാകുന്തളം, അജ്ഞാതലോകം, അത്ഭുതവാനരന്മാര്, സ്വര്‍ണമുത്ത്, രാജാവും റോണിയും, അത്ഭുതനീരാളി, അദൃശ്യമനുഷ്യന്‍, കളിമുറ്റം, ചെകുത്താന്മാര് സൂക്ഷിക്കുക, കുഞ്ഞുറുമ്പും കുളക്കോഴിയും, ടാഗോര്‍ കഥകള്‍ (ബാലസാഹിത്യം). ഭാര്യ-രാധ ടീച്ചര്‍ (മുന്‍ അധ്യാപിക സര്‍ക്കാര്‍ ഗേള്‍സ് സ്കൂള്‍ ഇരിങ്ങാലക്കുട). മക്കള്‍- രേണു രാമനാഥ് (മാധ്യമപ്രവര്‍ത്തക, നാടക പ്രവര്‍ത്തക, കേരള സംഗീത നാടക അക്കാദമി ഭരണസമിതി അംഗം), ഇന്ദുകല (അധ്യാപിക, സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്കൂള്‍ ഇരിങ്ങാലക്കുട). മരുമക്കള്‍: അഡ്വ. കെ.ജി. അജയകുമാര്‍ (സെക്രട്ടറി മഹാത്മ ലൈബ്രറി. കൂടല്‍മാണിക്യം ദേവസ്വം ഭരണസമിതി അംഗം ഇരിങ്ങാലക്കുട), പരേതനായ രാജകൃഷ്ണന് (ചിത്രകാരന്). മൃതദേഹം കേരള സാഹിത്യ അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിനുശേഷം ഇരിങ്ങാലക്കുട വസതിയിലേക്ക് കൊണ്ടുവന്നു. സംസ്കാരം ഇന്നു ഉച്ചത്തിരിഞ്ഞ് നാലിന് മുക്തിസ്ഥാനില്‍ നടക്കും.