നൂറുവർഷം തികയ്ക്കാൻ ഒരു മാസം; ഇരിങ്ങാലക്കുട മൃഗാശുപത്രി അസൗകര്യങ്ങളുടെ കൂടാരം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭയ്ക്ക് കീഴിലുള്ള വലിയ വളപ്പിനുള്ളിൽ ചെറിയ കെട്ടിടം. സ്വാതന്ത്ര്യത്തിനുമുൻപ് മൃഗസംരക്ഷണവകുപ്പില്ലാത്ത കാലത്ത് ഗവ. ആശുപത്രിയോട് ചേർന്ന് മൃഗങ്ങളെ പരിശോധിക്കാൻ തുടങ്ങിയതാണിത്. 1923 മെയ് ഇരുപത്തഞ്ചിനാണ് ഇരിങ്ങാലക്കുട നഗരമധ്യത്തിൽ ചാലക്കുടി റോഡിൽ ജനറൽ ആശുപത്രിക്ക് എതിർവശത്തായി ഒരു മൃഗാശുപത്രി ആരംഭിക്കുന്നത്. നൂറുവർഷം തികയ്ക്കാൻ രണ്ടുമാസം മാത്രമേയുള്ളൂവെങ്കിലും ഇരിങ്ങാലക്കുട ഗവ. വെറ്ററിനറി ആശുപത്രിക്ക് ഇപ്പോഴും കാര്യമായ മാറ്റമൊന്നുമില്ല. അടിസ്ഥാനസൗകര്യങ്ങൾ ഒന്നുംതന്നെയില്ലെന്നു പറയാം. സീനിയർ വെറ്ററിനറി ഡോക്ടർ, വെറ്ററിനറി ഡോക്ടർ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ, അറ്റൻഡർമാർ, സ്വീപ്പർ, ലാബ് ടെക്നീഷ്യൻ എന്നിങ്ങനെ എട്ട് ജീവനക്കാരാണ് ആശുപത്രിയിലുള്ളത്. ഒമ്പതുമുതൽ ഒന്നുവരെയും രണ്ടുമുതൽ മൂന്നുവരെയുമാണ് ആശുപത്രിയുടെ പ്രവർത്തനം. ദിവസവും നൂറിലേറെ മൃഗങ്ങളെ ചികിത്സയ്ക്കായി കൊണ്ടുവരുന്നുണ്ട്. വരാന്തയിലെ മേശയാണ് മൃഗങ്ങളെ പരിശോധിക്കാനും മുറിവും മറ്റും തുന്നിക്കെട്ടാനുമായുള്ളത്. പഴയൊരു സ്കാനിംഗ് മെഷീൻ ഉണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല. സൗകര്യങ്ങൾ കുറവായതിനാൽ പലപ്പോഴും ചികിത്സയ്ക്ക് മറ്റ് ആശുപത്രികളിലേക്ക് വിടുകയാണ്. ആശുപത്രിയുടെ അവസ്ഥ ബോധ്യപ്പെട്ട മൃഗസംരക്ഷണവകുപ്പ് കഴിഞ്ഞ വർഷം പുതിയ കെട്ടിടം നിർമിക്കാൻ ഒരുകോടി അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി പഴയ കെട്ടിടം പൊളിച്ച് പിറകിലേക്ക് നീക്കി സൗകര്യങ്ങളോടെ വലിയ കെട്ടിടം നിർമിക്കാൻ പൊതുമരാമത്ത് കെട്ടിടവിഭാഗം കർമപദ്ധതി തയ്യാറാക്കിവരുകയാണ്. ആധുനിക സജീകരണങ്ങളോടെ ആശുപത്രി സജമാക്കണമെങ്കിൽ കൂടുതൽ സൗകര്യങ്ങളൊരുക്കേണ്ടതുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. ഇതിനായി കൂടുതൽ തുക വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. ഇതിനായി ഇരിങ്ങാലക്കുട നഗരസഭയുടെയും എംപി, എംഎൽഎ എന്നിവരുടെയും ഫണ്ടിനുവേണ്ടിയാണ് നീക്കം.