കൂടല്‍മാണിക്യം; ഉത്സവാശംസകള്‍ നേര്‍ന്ന് ബിഷപ്പും ഇമാമും
മതങ്ങള്‍ തമ്മിലുള്ള മാനവികതയും പരസ്പര സഹകരണത്തിന്റെ മനോഭാവവും നാടിന്റെ വികസന നന്മക്ക്-മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: മതങ്ങള്‍ തമ്മിലുള്ള മാനവികതയും പരസ്പര സഹകരണത്തിന്റെ മനോഭാവവും നാടിന്റെ വികസനത്തിന് മുതല്‍കൂട്ടാണെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ദേവസ്വത്തിന്റെ നേതൃത്വത്തില്‍ നടത്തിയ മത സൗഹാര്‍ദ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഭാഗീയതകളും ഭിന്നതകളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മതസൗഹാര്‍ദ കൂട്ടായ്മകള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. ദേവസ്വം ഓഫീസില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, ടൗണ്‍ മസ്ജിദ് ഇമാം കബീര്‍ മൗലവി, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ടി.വി. ചാര്‍ളി, ഐസിഎല്‍ ഫിന്‍കോര്‍പ്പ് ചെയര്മാന് കെ.ജി. അനില്‍കുമാര്‍, നിസാര്‍ അഷറഫ്, രമേശ് മേനോന് എന്നിവര്‍ സന്നിഹിതരായിരുന്നു.