രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുന്നു: എം.എം. വർഗീസ്
ഇരിങ്ങാലക്കുട: ഇന്ത്യ പിന്തുടരുന്ന പാർലമെന്ററി ജനാധിപത്യം മോഡിയുടെ കൈകളാൽ കശാപ്പു ചെയ്യപ്പെടുകയാണോ എന്ന് തോന്നിപ്പിക്കുന്ന സംഭവങ്ങളാണ് ഇന്നു രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ജനാധിപത്യ മൂല്യങ്ങൾക്കൊപ്പം മതനിരപേക്ഷതയും ജനങ്ങൾ തമ്മിലുള്ള ഐക്യവും രാജ്യത്തിന്റെ അഖണ്ഡതയും തുടർച്ചയായി വെല്ലുവിളിക്കപ്പെടുകയാണെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് അഭിപ്രായപ്പെട്ടു. ലോനപ്പൻ നമ്പാടൻ മാസ്റ്ററുടെ പത്താം ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മറ്റാരെയും പങ്കെടുപ്പിക്കാതെ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ അനുചര സംഘവും മാത്രമായി ഒതുക്കി തീർത്തത് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ഭാവിക്ക് ഹിതകരമല്ലെന്നും രാജ്യം സമഗ്രാധിപത്യത്തിലേക്കും സ്വേച്ഛാധിപത്യത്തിലേക്കും സർവ്വോപരി ഫാസിസത്തിലേക്ക് നീങ്ങുന്നതിന്റെ അടയാളമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരിങ്ങാലക്കുടയുടെ സമഗ്ര വികസനത്തിനും സാംസ്കാരിക പരിപോഷണത്തിനും വേണ്ടി വിലപ്പെട്ട സംഭാവനകൾ നൽകുകയും ലാളിത്യമാർന്ന വ്യക്തി ജീവിതത്തിലൂടെയും മലയാളത്തനിമയാർന്ന ഇടപെടലുകളിലൂടെയും ജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പഞ്ചായത്ത് അംഗവും എംഎൽഎ യും എംപിയും മന്ത്രിയുമായിരുന്നു ലോനപ്പൻമ്പാടൻ മാസ്റ്ററെന്ന് എം.എം. വർഗീസ് അനുസ്മരിച്ചു. ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ.ആർ. വിജയ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കെ.പി. ദിവാകരൻ മാസ്റ്റർ, കെ.സി. പ്രേമരാജൻ, വി.എ. മനോജ് കുമാർ, കെ.എ. ഗോപി, ലത ചന്ദ്രൻ, ജയൻ അരിമ്പ്ര, ആർ.എൽ. ശ്രീലാൽ എന്നിവർ പ്രസംഗിച്ചു.