ഹനുമാന്റെ ലങ്കാദഹനത്തോടെ കൂടല്‍മാണിക്യം കൂത്തമ്പലത്തിലെ തോരണയുദ്ധം കൂടിയാട്ടം അവസാനിച്ചു
ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ ക്ഷേത്രം കൂത്തമ്പലത്തില്‍ നടന്നു വന്നിരുന്ന സമ്പൂര്‍ണ തോരണയുദ്ധം കൂടിയാട്ടം നിര്‍വ്വഹണം സഹിതം സമാപിച്ചു. ഏഴ് വര്‍ഷം മുമ്പാണ് തോരണയുദ്ധം അരങ്ങേറിയിട്ടുളളത്. സീതാദര്‍ശനത്തിനുശേഷം അശോകവനികോദ്യാനം നശിപ്പിച്ച്, ഇന്ദ്രജിത്തിന്റെ ബ്രഹ്മാസ്ത്രം കൊണ്ട് പിടിച്ചുകെട്ടി രാവണസഭയിലെത്തിയ ഹനുമാന് രാവണനോടൊപ്പത്തിനൊപ്പം ഇരുന്ന് ശ്രീരാമനെ സ്തുതിക്കുന്നതും, അത് കേട്ട് കുപിതനായ രാവണന്റെ കല്പനയാല് ഹനുമാന്റെ വാലില്‍ തീ കൊളുത്തുമ്പോള്‍ ആ തീകൊണ്ട് ഹനുമാന് ലങ്കാപുരി ചാമ്പലാക്കുതാണ് കഥാഭാഗം. ഹനുമാനായി ഗുരു അമ്മന്നൂര്‍ കുട്ടന്‍ചാക്യാര്‍ രംഗത്തെത്തി. രാവണന്റെ പൂര്‍വ്വകഥാഭിനയത്തില്‍, ചിട്ടപ്രധാനമായ കുബേരനെ ജയിച്ച് പുഷ്പകവിമാനം കൈക്കലാക്കി പോകുന്നതും, തുടര്‍ന്നുളള പര്‍വ്വതവര്‍ണ്ണന, കൈലാസോദ്ധരണം, പാര്‍വ്വതി വിരഹം എന്നിവയും ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ അവതരിപ്പിച്ചു. ആയുധങ്ങളേന്തി അഹോരാത്രം സൈനികര്‍ കാവല്‍ നില്ക്കുന്ന ലങ്കയിലേക്ക് ഒരു വാനരന് ഒറ്റയ്ക്ക് കടന്നുവന്ന് ഇത്രയും നാശനഷ്ടങ്ങളുണ്ടാക്കിയത് ആശ്ചര്യം ഉളവാക്കുന്നു എന്ന ലങ്കാപുരി വര്‍ണ്ണനയും ഗംഭീരമാക്കി. സീതാപഹരണം അധര്‍മ്മം ആണെന്ന് സ്വന്തം ജ്യേഷ്ഠനോട് പറഞ്ഞ് രാവണനെ സന്മാര്‍ഗത്തിലേയ്ക്ക് നയിക്കാന്‍ ശ്രമിക്കുന്ന വിഭീഷണനെ രാവണന് ലങ്കയില്‍ നിന്ന് പുറത്താക്കുന്നു. വിഭീഷണനായി അമ്മന്നൂര്‍ മാധവ് ചാക്യാര്‍ വേഷമിട്ടു. പി.കെ. ഹരീഷ് നമ്പ്യാര്‍, പികെ. ഉണ്ണികൃഷ്ണന് നമ്പ്യാര്‍, ജിനേഷ് നമ്പ്യാര്‍, ശരത് നാരായണന് നമ്പ്യാര്‍ എന്നിവര്‍ മിഴാവിലും, ഇന്ദിര നങ്ങ്യാര്‍, ദേവി നങ്ങ്യാര്‍, ഡോ. അപര്‍ണ്ണ നങ്ങ്യാര്‍ എന്നിവര്‍ താളത്തിലും, വിജയന് മാരാര്‍ ഇടയിക്കയിലും മേളമൊരുക്കി. കലാമണ്ഡലം സതീശന് ചുട്ടി കൈകാര്യം ചെയ്തു.