നൈപുണ്യ പരിശീലനത്തിലൂടെ നവവൈജ്ഞാനിക സമൂഹം വാര്‍ത്തെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ഡോ.ആര് ബിന്ദു
ഇരിങ്ങാലക്കുട : നൈപുണ്യ പരിശീലനത്തിലൂടെ നവവൈജ്ഞാനിക സമൂഹം വാര്‍ത്തെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു പറഞ്ഞു. ഇതിനായി അടുത്ത വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്സില്‍ നൈപുണ്യ പരിശീലനത്തിന് ക്രെഡിറ്റ് സ്കോര്‍ നല്‍കികൊണ്ട് നൈപുണ്യ പരിശീലനം നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതുവഴി വിദ്യാര്‍ഥികളുടെ കര്‍മ്മ കൗശലതയും നേതൃപാടവവും വളര്‍ത്താന്‍ കഴിയുകയും, സര്വ്വോന്മുഖ വികസനം ഉറപ്പിക്കാന്‍ ഉതകുന്ന രീതിയിലാകും ഈ പരിഷ്കാരങ്ങള്‍.
അസാപ് കേരള ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ച ആസ്പയര് 2023 മെഗാ തൊഴില്‍മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വര്‍ഷം ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ച നൈപുണ്യ പരിചയ മേളയുടെ തുടര്‍ച്ചയാണ് ഈ തൊഴില്‍ മേളയുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള വിടവ് നികത്തി യുവജനങ്ങളെ തൊഴില്‍ സജ്ജരാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് അസാപ് കേരളയെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ദേശീയ അന്താരാഷ്ട്ര നിലവാരമുള്ള 20 കമ്പനികള്‍ യുവജനങ്ങള്‍ക്ക് തൊഴില്‍ നല്കാന് സന്നദ്ധരായി മേളയില്‍ പങ്കെടുത്തു. വിവിധ ജില്ലകളില്‍ നിന്നായി എഴുനൂറോളം ഉദ്യോഗാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുത്തു.
ചടങ്ങില്‍ ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. അസാപ് കേരള സിഎംഡി ഡോ. ഉഷ ടൈറ്റസ് അസാപ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജിആര്‍ 8 അഫിനിറ്റി സര്‍വീസസ് ഡയറക്ടര്‍ എന്‍. അനീഷ്, അസോസിയേറ്റ് ഡയറക്ടര്‍ പി. സംഗീത, ഹൈക്കോണ്‍ ഇന്ത്യ ലിമിറ്റഡ് സിഒഒ ആര്. ഹരികുമാര്‍ എന്നിവര്‍ വളര്‍ന്നു വരുന്ന തൊഴില്‍ സാധ്യതകളെ സംബന്ധിച്ച് വിദ്യാര്‍ഥികളുമായി സംവദിച്ചു.
എസ്ബിഐ തൃശൂര്‍ റീജിയണല്‍ മാനേജര്‍ സംഗീത ഭാസ്ക്കര്‍, എച്ച്ഡിഎഫ്സി ഗവ.ബാങ്കിങ് സ്റ്റേറ്റ് ഹെഡ് ചാര്‍വാക വിജയന് എന്നിവര്‍ നൈപുണ്യ വായ്പയെക്കുറിച്ച് വിശദീകരിച്ചു. ഫാ. ജോയ് പീണിക്കപ്പറമ്പില്‍, ജോസ് ചിറ്റിലപള്ളി, കെ.എസ്. തമ്പി, സീമ പ്രേമംരാജ് എന്നിവര്‍ സംബന്ധിച്ചു. അസാപ് കേരള പ്ലെയ്സ്മെന്റ് വിഭാഗം മേധാവി ലൈജു ഐ പി നായര്‍ സ്വാഗതവും, അസാപ് കേരള അസോസിയേറ്റ് ഡയറക്ടര്‍ ആന്റോ ജോസ് നന്ദിയും പറഞ്ഞു.