റോഡിലെ കുഴികള്‍: അടിയന്തിര നടപടി സ്വീകരിക്കണമെന്നവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി നിവേദനം നല്കി
ഇരിങ്ങാലക്കുട : മാര്‍ക്കറ്റ് റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിക്കാനിടയായ സംഭവത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍ക്കും നഗരസഭ ചെയര്‍പേഴ്സണും ആം ആദ്മി പാര്‍ട്ടി നിവേദനം നല്കി. അപകടാവസ്ഥ നില നില്ക്കുന്ന മേഖലകളില്‍ അടിയന്തര പ്രാധാന്യത്തോടു കൂടി മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുവാനും എത്രയും പെട്ടെന്ന് തന്നെ കുഴികള്‍ അടച്ച് ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും കോടതികളുടെ ഉത്തരവുകള്‍ നിലനില്‍ക്കെ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം സംഭവിക്കുന്ന അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടതായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഇരിങ്ങാലക്കുട നിയോജകമണ്ഡലം ആം ആദ്മി പാര്‍ട്ടി കമ്മിറ്റി പ്രസിഡന്റ് ജിജിമോന് കെ റപ്പായി ഇരിങ്ങാലക്കുട പിഡബ്ല്യുഡി എന്‍ജിനീയര്‍ക്ക് നിവേദനം നല്കി. ജില്ലാ പ്രസിഡന്റ് റാഫേല്‍ ടോണി, ജില്ലാ കൗണ്‍സില്‍ അംഗം വിന്‍സെന്റ് കണ്ടംകുളത്തി, ആര്‍ടിഐ മണ്ഡലം പ്രസിഡണ്ട് ലിന്റേഷ്, ആന്റു എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു. ആവശ്യമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താത്തപക്ഷം നിയമനടപടികള്‍ സ്വീകരിക്കുന്നതിനും ജനകീയ സമരങ്ങള്‍ നടത്തുന്നതിനും ജനങ്ങള്‍ നിര്‍ബന്ധിതരാകും എന്നും നിവേദനത്തില്‍ പറയുന്നു.