റോഡിലെ അപകടകുഴികള്‍: നാട്ടുക്കാര് പ്രതീകാത്മക സമരം നടത്തി ഇരിങ്ങാലക്കുടയാന് 1 വിക്ഷേപണം വിജയകരം
ഇരിങ്ങാലക്കുട : റോഡിലെ അപകടക്കുഴികള്‍ അടക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുക്കാര് പ്രതീകാത്മക സമരം നടത്തി. ചന്ദ്രോപരിതല സമാനമായ ഗര്‍ത്തങ്ങള്‍ നിറഞ്ഞ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയെ ചന്ദ്രനായി പ്രഖ്യാപിച്ച് ഉത്തരവാദിത്വപെട്ടവരെ ചന്ദ്രനില്‍ ഇറക്കുന്നതിന്റെ പരിശീലനം വിക്ഷേപണം നടത്തിയായിരുന്നു നാട്ടുകാരുടെ സമരം. റോഡുകളുടെ ദുരവസ്ഥയില്‍ പ്രതിഷേധിച്ച് ഒരു ജനകീയ സമരം നടത്തി മൂന്നാഴ്ച്ച കഴിഞ്ഞിട്ടും യഥാവിധി അറ്റകുറ്റപ്പണികള്‍ നടത്താന്‍ ബന്ധപ്പെട്ടവരാരും തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു നമ്മുടെ ഇരിങ്ങാലക്കുട കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഈ ഇരിങ്ങാലക്കുടയാന് 1 വിക്ഷേപണം.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ബൈക്ക് യാത്രക്കാരന് വീണു മരിച്ച റോഡിലെ കുഴികള്‍ താല്‍ക്കാലികമായി അടച്ചത് നാട്ടുകാരും, നഗരസഭയിലെ പ്രതിപക്ഷവുമാണ്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയിലെ കുറച്ച് കുഴികള്‍ താല്‍ക്കാലികമായി അടയ്ക്കാന്‍ കെഎസ്ടിപിയും തയ്യാറായി. പക്ഷേ എവിടേയും ശാശ്വതമായ ഒരു പരിഹാരമായിട്ടില്ല. യാത്രക്കാര്‍ ഇപ്പോഴും ദുരിതത്തില്‍ തന്നെയാണ്.
ക്രൈസ്റ്റ് കോളജ് ജംഗ്ഷന് മുതല്‍ ഠാണാ ജംഗ്ഷന് വരെയുള്ള കുഴികള്‍, ഠാണാവിലെ ട്രാഫിക് സിഗ്നലിനു സമീപത്തുള്ള കുഴികള്‍, ബൈപാസ് റോഡിലെ കുഴികള്‍, വാട്ടര്‍ അതോറിറ്റിയുടെ വക വെട്ടിപ്പൊളിച്ച, മാര്‍വെല്‍ ഏജന്‍സീസിനു മുമ്പില്‍ നിന്ന് കിഴക്കോട്ടുള്ള ഉദയ റോഡിലെ കുഴികള്‍, ക്രൈസ്റ്റ് കോളജിനു മുമ്പിലുള്ള റോഡിലെ കുഴികള്‍, ഫയര്‍ സ്റ്റേഷന് റോഡിലെ കുഴികള്‍, ഇരിങ്ങാലക്കുടയില്‍ നിന്ന് കരുവന്നൂര്‍ വരെ നിരവധി കലുങ്കുകള്‍ക്കു വേണ്ടി വെട്ടിപ്പൊളിച്ച റോഡിലെ കുഴികള്‍ എന്നിവ ഇപ്പോഴും അപകടാവസ്ഥയില്‍ തന്നെ തുടരുകയാണ്.
നാട്ടുകാരുടെ കണ്ണില്‍ പൊടിയിടുന്ന ചില താല്‍ക്കാലിക സൂത്രപ്പണികള്‍ മാത്രമാണ് അറ്റകുറ്റപ്പണിയുടെ പേരില്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ശാശ്വതമായ ഒരു പരിഹാരം എവിടേയും ആയിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഇപ്പോള്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. പ്രതീകാത്മകമായി എംഎല്‍എ, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, എംപി, കെഎസ്ടിപി, കെഡബ്ലുഎ, പിഡബ്ലുഡി എന്നിവരെയാണ് റോക്കറ്റില്‍ കയറ്റി ബഹിരാകാശത്തേയ്ക്ക് വിക്ഷേപിച്ചത്.
ചന്ദ്രനില്‍ ഇറങ്ങിയ സ്ഥലത്ത് ജലസാനിധ്യം കണ്ടതിനാല്‍ അവിടെ രണ്ട് ബോട്ടുകളും ഇറക്കാന്‍ അവര്‍ മറന്നില്ല. ഇങ്ങനെ വേറിട്ട സമരമാര്‍ഗങ്ങളിലൂടെ അധികാരികളുടെ കണ്ണ് തുറ്പിക്കാനുള്ള ശ്രമമാണ് ജനാതിപത്യ രീതിയില്‍ നടത്തുന്നതെന്ന് സമരസമിതി അറിയിച്ചു. അനില്‍ മേനത്ത്, വിജിത്ത്, മിനി ജോസ്, മനോജ് കെ, ഷബീര്‍, ജീസ് ലാസര്‍, ശിവജി കാട്ടുങ്ങല്‍ എന്നിവര്‍ നേതൃത്വം നല്കി.