മാലിന്യം സൂക്ഷിക്കുവാനുള്ള സ്ഥലം ഇതോണേ? റോഡരികിലെ മാലിന്യ കൂമ്പാരം പകര്‍ച്ചാ ഭീഷണി ഉയര്‍ത്തുന്നു

പൂമംഗലം ഗ്രാമപ്പഞ്ചായത്ത് എടക്കുളത്ത് മാലിന്യങ്ങള്‍ ശേഖരിക്കുന്ന മെറ്റീരിയല്‍ കളക്ഷന്‍ സെന്റര്‍ നിറഞ്ഞ് ചാക്കുകള്‍ പുറത്ത് അട്ടിയിട്ടിരിക്കുന്നു.
ഇരിങ്ങാലക്കുട : ക്ലീന്‍ കേരള മിഷന് അജൈവമാലിന്യങ്ങള്‍ കൊണ്ടുപോകാന്‍ വൈകിയതോടെ ഗ്രാമപ്പഞ്ചായത്തുകളില്‍ മാലിന്യം കുന്നുകൂടുന്നു. വീടുകളില്‍നിന്ന് ഹരിതകര്‍മ സേനാംഗങ്ങള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കെട്ടിക്കിടക്കുന്നത്. പല പഞ്ചായത്തുകളില്‍നിന്ന് ക്ലീന്‍ കേരള മാലിന്യങ്ങള്‍ ശേഖരിച്ചിട്ട് രണ്ട് മാസത്തിലേറെയായി. ഇതോടെ പഞ്ചായത്തുകളില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ഹരിതകര്‍മസേനാംഗങ്ങള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് റോഡരികുകളില്‍ ചാക്കുകളിലാക്കി കുന്നുകൂട്ടി ഇട്ടിരിക്കുന്നത്.
പഞ്ചായത്തുകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ നിര്‍മിച്ചിരിക്കുന്ന മെറ്റീരിയല്‍ കളക്ഷന്‍ സെന്ററുകളെല്ലാം നിറഞ്ഞിരിക്കുകയാണ്. ഇരിങ്ങാലക്കുട നഗരസഭാ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നുറുക്കി ചാക്കുകളിലാക്കി സൂക്ഷിച്ചിരിക്കുകയാണ്. എടുക്കാന്‍ വൈകുംതോറും ദിനംപ്രതി ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യ ചാക്കുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. പല പഞ്ചായത്തുകളും ക്ലീന്‍ കേരളയ്ക്ക് പ്ലാസ്റ്റിക് ശേഖരിച്ച ഇനത്തില്‍ പണം കൊടുക്കാനുള്ളതുകൊണ്ട് അവരെ സമ്മര്‍ദം ചെലുത്താനും കഴിയാത്ത അവസ്ഥയാണ്. അടിയന്തരമായി പ്ലാസ്റ്റിക് സംഭരിക്കുന്നതിനുള്ള നടപടികള്‍ ക്ലീന്‍ കേരളയുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
