ഭൂമിതരംമാറ്റ അദാലത്ത്; 1844 പേരുടെ അപേക്ഷകളില്‍ തീര്‍പ്പ്
ഇരിങ്ങാലക്കുട: സൗജന്യഭൂമി തരംമാറ്റത്തിനര്ഹമായ അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനായി നടത്തിയ റവന്യൂ അദാലത്തില്‍ 1,844 പേര്‍ക്ക് ഉത്തരവുകള്‍ കൈമാറി. 25 സെന്റില്‍ താഴെ വിസ്തീര്‍ണം വരുന്നതും സൗജന്യമായി തരംമാറ്റം അനുവദിക്കാവുന്നതുമായ അപേക്ഷകളുടെ തീര്പ്പാക്കലിനാണ് ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ അദാലത്ത് സംഘടിപ്പിച്ചത്. ഭൂമിതരംമാറ്റ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതിനാല്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ഓരോ ജില്ലയിലും നിശ്ചിത ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് ചുമതല നല്കി സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നിരുന്നു. ഇതുവരെയും ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ തരംമാറ്റ അപേക്ഷകള്‍ ആര്‍ഡിഒമാര്‍ തന്നെ തീര്‍പ്പാക്കുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സൗജന്യഭൂമി തരംമാറ്റത്തിനര്ഹമായ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ഓരോ ആര്‍ഡിഒ ഓഫീസുകളിലും അദാലത്തുകള്‍ നടത്താന്‍ തീരുമാനിച്ചത്.
ഇരിങ്ങാലക്കുട, മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂര്‍ എന്നീ താലൂക്കുകളില്‍നിന്നായി ആകെ ലഭിച്ച 2031 അപേക്ഷകളില്‍നിന്നാണ് 1844 ഉത്തരവുകള്‍ വിതരണം ചെയ്തത്. ടൗണ്‍ ഹാളില്‍ നടന്ന അദാലത്ത് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടര്‍ ബി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. യോഗ്യമായ എല്ലാ അപേക്ഷകളും പരിഗണിക്കാന്‍ സാധിച്ചുവെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ആര്‍ഡിഒ എം.കെ. ഷാജി അറിയിച്ചു. തഹസില്‍ദാര്‍മാരായ നാരായണന്, അബ്ദുള്‍ മജീദ്, എം. അനില്‍കുമാര്‍, എല്‍.ആര്. തഹസില്‍ദാര്‍മാരായ സിമിഷ് സാഹു, സുനില്‍ മാത്യു, സുമ ഡി. നായര്‍ എന്നിവര്‍ പങ്കെടുത്തു.